Sorry, you need to enable JavaScript to visit this website.

നൂറ്റിനാലാം വയസ്സില്‍ വാക്‌സിനെടുക്കാന്‍ അന്നമെത്തിയത് ആവേശമായി

അങ്കമാലി- പ്രായത്തെ വെല്ലുന്ന കരുത്തോടെയാണ് വാര്‍ധക്യ അവശതകളെ അവഗണിച്ച് അങ്കമാലി കറുകുറ്റി പഞ്ചായത്തിലെ കരയാംപറമ്പ് പുതിയാട്ടില്‍ വീട്ടില്‍ വര്‍ക്കിയുടെ ഭാര്യയായ 104 കാരി അന്നം അങ്കമാലി താലൂക്കാശുപത്രിയിലത്തെി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. കോവിഡ് മഹാമാരി വീണ്ടും ഭീതി സൃഷ്ടിച്ചതോടെ സര്‍ക്കാരും ആരോഗ്യവകുപ്പും ബന്ധപ്പെട്ട ഏജന്‍സികളും നിയന്ത്രണങ്ങളും പ്രചാരണങ്ങളും ഊര്‍ജിതമാക്കി. അതോടെയാണ് കോവിഡ് വാക്‌സിന്‍ സംരക്ഷണ വലയം തീര്‍ക്കാന്‍ പ്രായം വകവെക്കാതെ അന്നവും കണ്ണിയായത്. ഏഴ് മക്കളും 14 കൊച്ചുമക്കളും 22 പേരക്കുട്ടികളുമുള്ള അന്നം പണ്ടു കാലത്ത് നാട്ടില്‍ ഭീതിപരത്തിയ വിവിധങ്ങളായ മഹാമാരികളുടെ അനുഭവങ്ങള്‍ പാഠമാക്കിയാണ് യുവത്വത്തിന്റെ പ്രസരിപ്പോടെ മക്കളോടൊപ്പം താലൂക്കാശുപത്രിയിലത്തെി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. 104 കാരി കോവിഡ് വാക്‌സിന്‍ എടുക്കാനത്തെിയതറിഞ്ഞ് താലൂക്കാശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ. നസീമ നജീബിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പധികൃതര്‍ അന്നത്തെ സ്വീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. കോവിഡ് മഹാമാരിയെ തുരത്താന്‍ അധികാരികള്‍ വിപുലമായ സംവിധാനം ഏര്‍പ്പെടുത്തിയത് ശ്‌ളാഘനീയവും മടി കാണിക്കാതെ എല്ലാവരും വാക്‌സിന്‍ എടുക്കണമെന്ന വീഡിയോ സന്ദേശവും നല്‍കിയാണ് അന്നം ആശുപത്രിയില്‍നിന്ന് മടങ്ങിയത്. സംസ്ഥാനത്ത് ഇതാദ്യമായാണ് ഇത്രയും പ്രായമേറിയ ഒരാള്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതെന്ന് ആരോഗ്യവകുപ്പധികൃതര്‍ അറിയിച്ചു.

 

 

Latest News