കാഠ്മണ്ഡു- പാസ്‌പോര്‍ട്ടില്‍ ഇമിഗ്രേഷന്‍ സ്റ്റാമ്പ് പതിച്ച് നേപ്പാളിലെത്തിയ ഇന്ത്യക്കാര്‍ക്ക് മൂന്നാമതൊരു രാജ്യത്തേക്കു പോകാന്‍ എന്‍.ഒ.സി (നോ ഒബ്ജക് ഷന്‍ സര്‍ട്ടിഫിക്കറ്റ്) താല്‍ക്കാലികമായി ഒഴിവാക്കി.
കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം ട്വിറ്ററില്‍ അറിയിച്ചു. ഏപ്രില്‍ 22 മുതല്‍ ജൂണ്‍ 19 വരെയാണ് ഇളവു നല്‍കിയിരിക്കുന്നത്.
പാസ്‌പോര്‍ട്ട് അല്ലാതെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് നേപ്പാളില്‍ എത്തിയവര്‍ ഇന്ത്യന്‍ എംബസിയില്‍ നിന്ന് എന്‍.ഒ.സി കരസ്ഥമാക്കിയിരിക്കണം.
കാഠ്മണ്ഡു എയര്‍പോര്‍ട്ടില്‍ എന്തെങ്കിലും തടസ്സം നേരിടുന്നവര്‍ +9779851107021 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും ഇന്ത്യന്‍ എംബസി അറിയിപ്പില്‍ പറയുന്നു.
ഇന്ത്യയില്‍നിന്ന് വരുന്നവർക്ക് സൗദിയില്‍ പ്രവേശന വിലക്കുള്ളതിനാല്‍ ധാരാളം പേർ നേപ്പാളിലെത്തി 14 ദിവസം താമസിച്ച ശേഷമാണ് യാത്ര തുടരുന്നത്. നേപ്പാളില്‍നിന്ന് മൂന്നാമതൊരു രാജ്യത്തേക്ക് പോകുന്ന ഇന്ത്യക്കാർ എംബസിയില്‍നിന്ന് എന്‍.ഒ.സി നേടിയിരിക്കണമെന്ന വ്യവസ്ഥ ഇടക്കാലത്ത് വലിയ ബുദ്ധമുട്ട് സൃഷ്ടിച്ചിരുന്നു.
യാത്ര ടിക്കറ്റും പാസ്പോർട്ട് കോപ്പിയും ഫോട്ടോകളും സഹിതം നേരിട്ട് പോയി വേണം എന്‍.ഒ.സി കരസ്ഥമാക്കാന്‍. ഇതിനായുള്ള ഫീസ് ഇരട്ടിയാക്കിയതിനു പുറമെ, കാത്തുനില്‍ക്കേണ്ടിയും വന്നിരുന്നു.
എന്‍.ഒ.സി അനുവദിക്കുന്നതിന് പുതിയ നിയന്ത്രണങ്ങള്‍ കൂടി ഏർപ്പെടുത്തിയതോടെ പ്രവാസികളുടെ ഭാഗത്തുനിന്ന് പ്രതിഷേധം ഉയരുകയും ഇന്ത്യന്‍ എം.പിമാർ പ്രശ്നത്തില്‍ ഇടപെടുകയും ചെയ്തിരുന്നു.
മൗലാനാ വഹീദുദ്ദീന്‍ ഖാന്‍ അന്തരിച്ചു |