ദോഹ- ഖത്തറില്‍ ഹോം ക്വാറന്റൈന് നിയന്ത്രണങ്ങള്‍ ലംഘിച്ച മൂന്നുപേരെ അറസ്റ്റ് ചെയ്തതായി പൊതുജനാരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
പൊതുജനങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്തുന്നതിനും കൊറോണ വൈറസ് വ്യാപനം തടയുന്നതിനും ആരോഗ്യ മന്ത്രാലയം ഏര്‍പ്പെടുത്തിയ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് അധികൃതര്‍ വ്യക്തമാക്കി. അറസ്റ്റ് ചെയ്തവരെ തുടര്‍നടപടികള്‍ക്കായി പബ്ലിക് പ്രൊസിക്യൂഷന് കൈമാറും.
ബദര്‍ ഖമീസ് അല്‍ മുഖമ്മരി, ഹബീല്‍ ശിരപറമ്പില് മുഹമ്മദ്, അലി ജാബിര്‍ അല്‍ ഗഫ്റാനി എന്നിവരാണ് അറസ്റ്റിലായത്.
വീട്ടില്‍ നിരീക്ഷണത്തിലിരിക്കുന്നവര്‍ പൊതുജനങ്ങളുടെ സുരക്ഷ മാനിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദേശിക്കുന്ന നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
സ്വദേശികളും വിദേശികളും നിയമ വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ സഹകരിക്കുകയും മഹാമാരിയെ പ്രതിരോധിക്കുവാന്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുകയും വേണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 281 പേരെ ഇന്നലെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഫേസ് മാസ്ക് ധരിക്കാത്തതിന് ഇന്ന് 256 പേരാണ് പിടിയിലായത്. കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി പുറത്തിറങ്ങുമ്പോള്‍ ഫേസ് മാസ്ക് ധരിക്കല്‍ നിര്‍ബന്ധമാണ്. വീഴ്ച വരുത്തുന്നവര്‍ക്ക് രണ്ട് ലക്ഷം റിയാല്‍ വരെ പിഴ ലഭിക്കാം.