Sorry, you need to enable JavaScript to visit this website.

ഒറ്റ ഡോസിന് 1000 രൂപ വരെ; കേന്ദ്രത്തിന്റെ ഇളവില്‍ കൊള്ളലാഭം കൊയ്യാനൊരുങ്ങി കമ്പനികള്‍

ന്യൂദല്‍ഹി- രാജ്യത്ത് കോവിഡ് വാക്‌സിനുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വില നിയന്ത്രണം സര്‍ക്കാര്‍ തന്നെ നീക്കം ചെയ്തതോടെ വരും മാസങ്ങളില്‍ സ്വകാര്യ വിപണിയില്‍ വാക്‌സിന്‍ വില കുത്തനെ ഉയരും. ഒറ്റ ഡോസിനു മാത്രം 700 രൂപ മുതല്‍ 1000 രൂപ വരെ വില നല്‍കേണ്ടി വരുമെന്ന് വാക്‌സിന്‍ നിര്‍മാണ കമ്പനികളെ ഉദ്ധരിച്ചുള്ള റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഒരു ഡോസിനു 250 രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ നിശ്ചിയിച്ച വില. ഇത് അവസാനിപ്പിച്ച് പുതിയ നയം തിങ്കളാഴ്ച സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍ കമ്പനികളില്‍ നിന്ന് വാക്‌സിന്‍ വാങ്ങുന്നത് 150 രൂപ നിരക്കിലാണ്. ഇതു തുടരും. കേന്ദ്ര സര്‍ക്കാര്‍ ഇങ്ങനെ വാങ്ങി സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്താണ് ഇപ്പോള്‍ വ്യാപക വാക്‌സിനേഷന്‍ നടന്നു വരുന്നത്.

ഒരു ഡോസിനു 1000 രൂപ വില വരുമെന്ന് ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മേധാവി അദാര്‍ പുനവാലെ നേരത്തെ പറഞ്ഞിരുന്നു. അതായത് സാധാരണക്കാര്‍ രണ്ട് ഡോസെടുക്കണമെങ്കില്‍ 2000 രൂപ മുടക്കേണ്ടി വരും. മറ്റൊരു വാക്‌സിന്‍ നിര്‍മാണ കമ്പനിയായ ഡോ. റെഡ്ഡീസ് ലാബ് ഒറ്റ ഡോസിന് 750 വരെ വിലയിട്ടേക്കാമെന്നാണ് റിപോര്‍ട്ട്. ഇന്ത്യയില്‍ ഇതുവരെ വിതരണം ആരംഭിച്ചിട്ടില്ലാത്ത റഷ്യയുടെ സ്പുട്‌നിക് വി വാക്‌സിന്‍ ആണ് ഡോ. റെഡ്ഡീസ് നിര്‍മ്മിക്കുന്നത്. 150 രൂപയ്ക്ക് വാക്‌സിന്‍ വില്‍ക്കുമ്പോഴും ഇപ്പോള്‍ ലാഭമാണെന്ന് ആഴ്ചകള്‍ക്കു മുമ്പ് എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ അദാര്‍ പുനവാല പറഞ്ഞിരുന്നു.  അതേസമയം കമ്പനികളൊന്നും സ്വകാര്യ വിപണിയിലെ അന്തിമ വില പ്രഖ്യാപിച്ചിട്ടില്ല. സ്വകാര്യ വിപണിയില്‍ വില്‍ക്കുന്ന അളവ്, കയറ്റുമതി ആവശ്യങ്ങള്‍, വിതരണ ശൃംഖല തുടങ്ങി വിവിധ ഘടങ്ങള്‍ പരിഗണിച്ചാണ് വില നിശ്ചയിക്കുക എന്ന് കമ്പനികള്‍ പറയുന്നു. 

ഇന്ത്യയില്‍ 45 വയസ്സിനു മുകളിലുള്ളവര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മറ്റു മുന്‍ഗണനാ വിഭാഗത്തിനുമാണ് ഇപ്പോള്‍ വാക്‌സിന്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. വാക്‌സിന്‍ രാജ്യത്തുടനീളം വലിയ ക്ഷാമം നേരിട്ടതോടെ ഈ ഉത്തരവാദിത്തത്തില്‍ നിന്ന് പിന്‍വലിയുന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. ഉല്‍പ്പാദിപ്പി്ക്കുന്ന വാക്‌സിന്‍ 50 ശതമാനവും കമ്പനികള്‍ കേന്ദ്ര സര്‍ക്കാരിനു നല്‍കണം. ബാക്കിയുള്ളവ സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും വാങ്ങാം. തുടക്കത്തില്‍ കേന്ദ്രത്തിന്റെ 50 ശതമാനം ക്വാട്ടയില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് അല്‍പ്പം ലഭിച്ചേക്കാമെങ്കിലും സമീപഭാവിയില്‍ തന്നെ ഇതു നിര്‍ത്തിയേക്കാം. ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ വ്യക്തത വരുത്തിയിട്ടുമില്ല.

Latest News