മിനിയപൊലിസ്- കറുത്തവര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയ്ഡിനെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചു കൊന്ന യുഎസ് പോലീസ് ഉദ്യോഗസ്ഥന്‍ ഡെരക് ഷൊവിന്‍ കേസില്‍ കുറ്റക്കാരനെന്ന് കോടതി വിധിച്ചു. ലോകമൊട്ടാകെ വന്‍പ്രതിഷേധം ഉയര്‍ത്തി വംശീയക്കൊലപാതകമായിരുന്നു ആഫ്രിക്കന്‍-അമേരിക്കക്കാരനായ ഫ്‌ളോയ്ഡിന്റേത്. മൂന്ന് കൊലപാതക കുറ്റങ്ങളാണ് ഷൊവിനെതിരെ ചുമത്തിയിരുന്നത്. മൂന്നിലും ഷൊവിന്‍ കുറ്റക്കാരനെന്ന് കോടതി വിധിച്ചു.
ശിക്ഷ കോടതി പിന്നീട് തീരുമാനിക്കും. മൂന്ന് കുറ്റങ്ങളില്‍ ഒന്ന് 40 വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചേക്കാവുന്നതാണ്. കേസില്‍ ജാമ്യത്തിലായിരുന്ന ഷൊവിനെ കോടതിയില്‍ ഹാജരാക്കി. മാസ്‌ക്ക് ധരിച്ച ഷൊവിന്‍ ഭാവമാറ്റങ്ങളൊന്നുമുണ്ടായില്ല. ഏറെ കോളിളക്കം സൃഷ്ടിച്ച ഈ വംശീയാക്രമണ കേസില്‍ വിധി പറഞ്ഞത് വ്യത്യസ്ത വംശീയ പ്രാതിനിധ്യമുള്ള ഏഴ് വനിതാ ജഡ്ജിമാരും അഞ്ച് പുരുഷ ജഡ്ജിമാരും അടങ്ങുന്ന കോടതിയാണ്. 2020 മേയ് 25നാണ് 46കാരനായ ജോര്‍ജ് ഫ്‌ളോയ്ഡ് ക്രൂരമായി കൊല്ലപ്പെട്ടത്. ഇതോടെ വംശീയാതിക്രമത്തിനെതിരെ യുഎസില്‍ വന്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു.
11 മണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് 45കാരനായ മുന്‍ പോലീസ് ഓഫീസര്‍ ഷൊവിനെ കോടതി കുറ്റക്കാരനെന്ന് വിധിച്ചത്. കോടതിക്കു പുറത്ത് കൂടിയ ആള്‍ക്കൂട്ടം വിധികേട്ട് ആഹ്ലാദം പ്രകടിപ്പിച്ചു. മൂന്നാഴ്ച നീണ്ട കേസ് വിചാരണയ്ക്കു ശേഷമുള്ള വിധി രാജ്യം ഉറ്റുനോക്കുകയായിരുന്നു. വിധിക്കു മുന്നോടിയായി യുഎസിലുടനീളം നഗരങ്ങള്‍ സുരക്ഷ ശക്തമാക്കിയിരുന്നു. കോടതി വിധിക്കു പിന്നാലെ പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും ഫ്‌ളോയ്ഡിന്റെ കുടുംബത്തെ വിളിച്ചു സംസാരിച്ചു. വിധി ആശ്വാസകരമാണ്, നീതി ലഭിച്ചിരിക്കുന്നു- ബൈഡന്‍ പ്രതികരിച്ചു. അമേരിക്കയില്‍ ഇന്ന് നീതിയുടെ ദിവസമാണെന്ന് കമല ഹാരിസ് പ്രതികരിച്ചു. ഇരു നേതാക്കളും വിധി സംബന്ധിച്ച് ഔദ്യോഗികമായി പ്രതകരിക്കുമെന്നും റിപോര്‍ട്ടുണ്ട്.