കൊച്ചി- തെളിവെടുപ്പിനായി കങ്ങരപ്പടിയിലെ ശ്രീഗോകുലം ഹാർമണി ഫഌറ്റിലെത്തിച്ചപ്പോൾ സനു മോഹനിൽ കണ്ടത് ക്രൂരകൃത്യത്തിൽ പശ്ചാത്താപമില്ലാത്ത കുറ്റവാളിയെ.
സുപരിചിതരായ ഫഌറ്റ് വാസികൾ നോക്കി നിൽക്കെ യാതൊരു ഭാവവ്യത്യാസവുമില്ലാതെയാണ് ഇയാൾ ഫഌറ്റിലേക്ക് നടന്നു നീങ്ങിയത്. മകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച പിതാവിന്റെ ഒരു വികാരവും ഇയാളുടെ മുഖത്ത് പ്രതിഫലിച്ചിരുന്നില്ല. ചെയ്ത കുറ്റത്തിൽ പശ്ചാത്താപമോ ജാള്യത പോലുമോ ഇല്ലാതെയാണ് സനുമോഹൻ ഫഌറ്റിലെത്തി നടന്ന സംഭവങ്ങൾ പോലീസ് മുമ്പാകെ വിശദീകരിച്ചത്.
ഫഌറ്റിൽ നടന്ന തെളിവെടുപ്പിന് ശേഷം വൈഗയുടെ മൃതദേഹം കണ്ടെത്തിയ മുട്ടാർ പുഴയിലും സനുമോഹനെ തെളിവെടുപ്പിനെത്തിച്ചു. അടുത്ത ദിവസങ്ങളിൽ കൊലപാതകത്തിനു ശേഷം സനുമോഹൻ ഒളിവിൽ കഴിഞ്ഞ കൊല്ലൂർ മൂകാംബികയിലെ ലോഡ്ജ്, കർവാർ, കോയമ്പത്തൂർ, ഗോവ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സനുമോഹനെ എത്തിച്ച് തെളിവെടുക്കും.
കർവാറിൽ വെച്ച് ഞായറാഴ്ച രാത്രിയിൽ അറസ്റ്റിലായ സനുമോഹനെ തിങ്കളാഴ്ച പുലർച്ചെയാണ് കൊച്ചിയിൽ എത്തിച്ച് അറസ്റ്റു രേഖപ്പെടുത്തിയത്. തുടർന്ന് വൈകുന്നേരം കോടതിയിൽ ഹാജരാക്കിയ സനുമോഹനെ കൂടുതൽ അന്വേണത്തിനും തെളിവെടുപ്പിനുമായി അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരം കോടതി 10 ദിവസം കസ്റ്റഡിയിൽ വിട്ടു നൽകിയിരുന്നു. കോടികളുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് സനുമോഹനെതിരെ മുംബൈയിലും കേസുള്ളതായുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്.
സനുമോഹന്റെ മുംബൈയിലെ സാമ്പത്തിക ഇടപാടുകൾ കണ്ടെത്തുന്നതിനായി ഡി.സി.പിയുടെ നേതൃത്വത്തിലുള്ള സംഘം മുബൈയിൽ വിവര ശേഖരണം നടത്തിവരികയാണ്. മുംബൈ പോലീസും സനുമോഹനെ ചോദ്യം ചെയ്യാൻ വരും ദിവസം കൊച്ചിയിൽ എത്തുമെന്നാണ് വിവരം.
സനുമോഹനെ ഇന്നലെ ദീർഘ നേരം അന്വേഷണ സംഘം ചോദ്യം ചെയ്തുവെങ്കിലും ഇയാൾ തുടർച്ചയായി മൊഴി മാറ്റിപ്പറയുന്നത് അന്വേഷണ സംഘത്തെ കുഴപ്പിക്കുകയാണ്.