ന്യൂദല്‍ഹി- കോവിഡ് രണ്ടാം ഘട്ട വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യത്തെ അഭിസംബോധന ചെയ്തു.
ലോക്ക് ഡൗണ്‍ നടപ്പാക്കേണ്ട സാഹചര്യമില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. നിലവില്‍ രാജ്യം അടച്ച് പൂട്ടേണ്ട സാഹചര്യം ഇല്ല. ലോക്ക് ഡൗണ്‍ അവസാന ഉപാധിയായി മാത്രമേ സംസ്ഥാനങ്ങളും നടപ്പാക്കാവൂ. മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഏര്‍പ്പെടുത്തി കോവിഡ് വ്യാപനം തടയാനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. തൊഴിലാളികള്‍ ഇപ്പോള്‍ എവിടെയാണോ അവിടെ തന്നെ തുടരണം. അവര്‍ക്ക് വാക്‌സിന്‍ എത്തിക്കാനുള്ള എല്ലാ നടപടികളും സംസ്ഥാന സര്‍ക്കാരുകള്‍ കൈക്കൊള്ളണം. കോവിഡ് രണ്ടാം തരംഗം കൊടുങ്കാറ്റ് പോലെയാണ് ആഞ്ഞടിച്ചത്. വലിയ വെല്ലുവിളിയാണ് രാജ്യം നേരിടുന്നതെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഒരുമയോടെയും കൃത്യമായ തയ്യാറെടുപ്പും നടത്തിയാല്‍ നമ്മുക്ക് കോവിഡിനെ പരാജയപ്പെടുത്താന്‍ സാധിക്കും-പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.