അബുദാബി - സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളിൽ റയൽ മഡ്രീഡിന് ക്ലബ് ലോകകപ്പ് ഫുട്‌ബോൾ കിരീടം നിലനിർത്തി. ഇതോടെ തുടർച്ചയായി രണ്ടു വർഷം ക്ലബ് ലോകകപ്പ് കിരീടം നേടുന്ന ആദ്യ ടീമായി റയൽ മഡ്രീഡ് മാറി. മൂന്നാം ലോകകപ്പോടെ ബാഴ്‌സലോണയുടെ റെക്കോർഡിനൊപ്പവുമെത്തി.
ലാറ്റിനമേരിക്കൻ ചാമ്പ്യന്മാരായ ഗ്രേമിയോയെയാണ് ഏകപക്ഷീയമായ ഒരു ഗോളിന് റയൽ തോൽപ്പിച്ചത്. ആദ്യ പകുതിയിൽ കൂടുതൽ അവസരങ്ങളൊരുക്കിയത് ബ്രസീൽ ടീമായിരുന്നു. എന്നാൽ ഇടവേളക്കു ശേഷം ക്രിസ്റ്റ്യാനോയും ലൂക്ക മോദ്‌റിച്ചും കടിഞ്ഞാണേറ്റെടുത്തതോടെ റയൽ കളം വാണു. അമ്പത്തിരണ്ടാം മിനിറ്റിൽ ഫ്രീകിക്കിൽ നിന്നായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോൾ. സെമിയിലും ക്രിസ്റ്റ്യാനൊ സ്‌കോർ ചെയ്തിരുന്നു.
ഗോളടിക്കുന്നതിന് സെക്കന്റുകൾ മുമ്പ് ക്രിസ്റ്റ്യാനോയുടെ എണ്ണം പറഞ്ഞ ഷോട്ട് തലനാരിഴക്ക് പിഴച്ചിരുന്നു. അമ്പത്തൊമ്പതാം മിനിറ്റിൽ ക്രിസ്റ്റ്യാനൊ വീണ്ടും വലയിൽ പന്തെത്തിച്ചെങ്കിലും റഫറി ഓഫ്‌സൈഡിന് വിസിലൂതി. മോദ്‌റിച്ചിന്റെ മനോഹരമായ ഷോട്ട് ക്രോസ്ബാറിന് തട്ടിത്തെറിച്ചു. പകരക്കാരൻ ഗാരെത് ബെയ്‌ലിന്റെ ഷോട്ട് ഗ്രേമിയൊ ഗോളി രക്ഷിച്ചു.
ലൂസേഴ്‌സ് ഫൈനലിൽ കോൺകകാഫ് ചാമ്പ്യന്മാരായ മെക്‌സിക്കോയിലെ പാചുക 4-1 ന് ആതിഥേയ ടീമായ അൽ ജസീറയെ തകർത്തു. മുപ്പത്തേഴാം മിനിറ്റിൽ ജോനാഥൻ ഉററ്റാവിസ്‌കായയിലൂടെ ലീഡ് നേടിയ പാചുക രണ്ടാം പകുതിയിൽ മൂന്നു തവണ വല കുലുക്കി. ഫ്രാങ്കൊ ഹാറ, റോബർടൊ ഡി ലാ റോസ, പെനാൽടിയിൽനിന്ന് ആഞ്ചലൊ സാഗൽ എന്നിവർ ഗോളടിച്ചു. ലൂസേഴ്‌സ് ഫൈനലിൽ കോൺകകാഫ് ചാമ്പ്യന്മാരായ മെക്‌സിക്കോയിലെ പാചുക 4-1 ന് ആതിഥേയ ടീമായ അൽ ജസീറയെ തകർത്തു. മുപ്പത്തേഴാം മിനിറ്റിൽ ജോനാഥൻ ഉററ്റാവിസ്‌കായയിലൂടെ ലീഡ് നേടിയ പാചുക രണ്ടാം പകുതിയിൽ മൂന്നു തവണ വല കുലുക്കി. ഫ്രാങ്കൊ ഹാറ, റോബർടൊ ഡി ലാ റോസ, പെനാൽടിയിൽനിന്ന് ആഞ്ചലൊ സാഗൽ എന്നിവർ ഗോളടിച്ചു.