ഹൈദരാബാദ്- കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ തെലങ്കാനയില്‍ രാത്രികാല കര്‍ഫ്യൂ. ഏപ്രില്‍ മുപ്പതു വരെയാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. രാത്രി ഒമ്പതു മുതല്‍ പുലര്‍ച്ചെ അഞ്ചുമണി വരെയാണ് കര്‍ഫ്യൂ നിലനില്‍ക്കുക.
ആശുപത്രി, പരിശോധനാ ലാബുകള്‍, ഫാര്‍മസികള്‍ തുടങ്ങി അവശ്യസേവനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതല്ലാത്ത സ്ഥാപനങ്ങള്‍ എട്ടു മണിക്ക് അടയ്ക്കണമെന്ന് സര്‍ക്കാര്‍ ഇന്ന് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.
മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു, ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നാഗാര്‍ജുന സാഗര്‍ മണ്ഡലത്തിലെ ടി.ആര്‍.എസ്. സ്ഥാനാര്‍ഥി നോമുല ഭഗത് എന്നിവര്‍ക്ക് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു.
നാഗാര്‍ജുന സാഗറില്‍ നടന്ന പൊതുയോഗത്തില്‍ പങ്കെടുത്തതിനു പിന്നാലെയാണ് ചന്ദ്രശേഖര്‍ റാവുവിന് കോവിഡ് ബാധിച്ചതെന്നാണ് നിഗമനം. ഈ യോഗത്തില്‍ പങ്കെടുത്ത അറുപതോളം ആളുകള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഏപ്രില്‍ 14-ന് നാഗാര്‍ജുനസാഗറിലെ ഹാലിയയില്‍ നടന്ന പൊതുയോഗത്തില്‍ ഒരുലക്ഷത്തോളം ആളുകള്‍ പങ്കെടുത്തുവെന്നാണ് കരുതുന്നത്. ഏപ്രില്‍ 17-നാണ് നാഗാര്‍ജുന സാഗറില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.