വയനാടിന്റെ ടൂറിസം വികസനത്തിൽ നാഴികക്കല്ലാകുന്ന ചുരം റോപ് വേ സമീപ ഭാവിയിൽ യാഥാർഥ്യമാകും. പദ്ധതി ശിലാസ്ഥാപനം മെയ് അവസാനത്തോടെ നടത്താനാകുമെന്നാണ് പ്രതീക്ഷയെന്നു വയനാട് ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ജോണി പാറ്റാനി പറഞ്ഞു. ചേംബറിനു കീഴിൽ രൂപീകരിച്ച വെസ്റ്റേൺ ഗാട്ട്‌സ് ഡെവലപ്‌മെന്റ് കമ്പനിയുടെ പ്രഥമ സംരംഭമാണ് ചുരം റോപ് വേ പദ്ധതി. വയനാട് അതിർത്തിയിലെ ലക്കിടിയെ കോഴിക്കോട് ജില്ലയിൽപെട്ട അടിവാരവുമായി ബന്ധിപ്പിക്കുന്ന വിധത്തിലാണ് റോപ് വേ ആസൂത്രണം ചെയ്തിരിക്കുന്നത്. പദ്ധതി നിർവഹണണത്തിനു ലക്കിടിയിലും അടിവാരത്തുമായി 12 ഏക്കർ സ്ഥലം കമ്പനി വിലയ്ക്കു വാങ്ങിയിട്ടുണ്ട്. ഇതിൽ രണ്ട് ഏക്കർ ലക്കിടിയിലും ബാക്കി അടിവാരത്തുമാണ്. 100 കോടി രൂപ ചെലവ് കണക്കാക്കുന്ന പദ്ധതിയുടെ നിർവഹണത്തിൽ വയനാട് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ദുബായ് ചേംബർ ഓഫ് കൊമേഴ്‌സിന്റെയും സഹകരണം കമ്പനി ഉറപ്പു വരുത്തിയിട്ടുണ്ട്.
നിർമാണച്ചെലവ് ഓഹരി വിൽപനയിലൂടെ കണ്ടെത്തും. ഇതിനായി എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിക്ഷേപകരുടെ യോഗം സംഘടിപ്പിക്കും. ഓഹരി വിൽപനയുടെ സാധ്യതകൾ മനസ്സിലാക്കുന്നതിനു കമ്പനി പ്രതിനിധികൾ നടത്തിയ ദുബായ് യാത്രയിൽ ആശാവഹമായ പ്രതികരണമാണ് ലഭിച്ചതെന്നു ജോണി പാറ്റാനി പറഞ്ഞു. കമ്പനി പ്രതിനിധികൾ മലേഷ്യ, കാനഡ തുടങ്ങിയ രാജ്യങ്ങൾ റോപ്‌വേയെക്കുറിച്ച് പഠനം നടത്തിയിരുന്നു. ചുരം റോപ്‌വേയുടെ സാധ്യതാപഠനം നടത്തിയതും ഡി.പി.ആർ തയാറാക്കിയതും കൊൽക്കത്തയിലെ ദാമോദർ റോപ്‌വേ കമ്പനിയാണ്.
ലക്കിടിക്കും അടിവാരത്തിനുമിടയിൽ സ്ഥാപിക്കുന്ന ടവറുകളിലുടെയാണ് റോപ് വേ. കേബിൾ കാറുകളാണ് മൂന്നു കിലോമീറ്റർ ദൈർഘ്യം വരുന്ന റോപ് വേയിലൂടെ ഓടുക. ഒരേസമയം ആറു പേർക്കു യാത്ര ചെയ്യാൻ ഉതകുന്നതാകും ഓരോ കേബിൾ കാറും. ലക്കിടിയിൽനിന്നു കേബിൾ കാറിൽ അടിവാരത്തു എത്താൻ 18 മിനിറ്റ് മതിയാകും.
ദക്ഷിണേന്ത്യയിലെ ആദ്യത്തെ ദൈർഘ്യമേറിയ റോപ് വേ ആയിരിക്കും താമരശ്ശേരി ചുരത്തിലേത്. രാജ്യത്തു കശ്മീരിലും ഡെറാഡൂണിലും വലിയ റോപ് വേകളുണ്ട്. വിനോദ സഞ്ചാരികൾക്കു ചുരത്തിന്റെ ആകാശ ദൃശ്യം ആസ്വദിച്ചു സുഗമമായും സുരക്ഷിതമായും യാത്ര ചെയ്യാൻ ഉതകുന്ന റോപ് വേ വയനാട്ടിൽനിന്നു കോഴിക്കോട്ടേക്കും തിരിച്ചും രോഗികളുടെ യാത്രയ്ക്കും ഉപയോഗപ്പെടുത്താനാകും. ബത്തേരിയിൽനിന്നു ലക്കിടിയിലേക്കും അടിവാരത്തുനിന്ന് കോഴിക്കോട്ടേക്കുമുള്ള ബസ് സർവീസും റോപ്‌വേ പദ്ധതിയുടെ ഭാഗമാണ്. പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ലക്കിടിയിലും അടിവാരത്തുമായി ഹോട്ടൽ, അമ്യൂസ്‌മെന്റ് പാർക്ക് നിർമാണം നടത്തും.
പദ്ധതിക്കു ആവശ്യമായ കേന്ദ്ര, സംസ്ഥാന സർക്കാർ അനുമതികളിൽ പലതും കമ്പനിക്കു ലഭിച്ചു. പരിസ്ഥിതി വകുപ്പിന്റെ അനുമതി നേടുന്നതിനുള്ള നീക്കം അന്തിമ ഘട്ടത്തിലാണ്. പ്രകൃതി സൗഹൃദമായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ലക്കിടിയിൽ വാങ്ങിയ സ്ഥലത്തിന്റെ രേഖകൾ ക്ലിയറൻസിനു വനം വകുപ്പിന്റെ പരിശോധനയ്ക്കു സമർപ്പിച്ചിട്ടുണ്ട്.