Sorry, you need to enable JavaScript to visit this website.

കോവിഡ് വ്യാപനം: മലബാർ കാൻസർ സെന്ററിൽ കർശന നിയന്ത്രണം 

കൂട്ടിരിപ്പുകാർക്കും കോവിഡ് ടെസ്റ്റ് ഏർപ്പെടുത്തേണ്ടി വന്നേക്കാം

തലശ്ശേരി - കോവിഡ്19 രണ്ടാം വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ   മലബാർ കാൻസർ സെന്ററിൽ തുടർ ചികിത്സക്ക് വരുന്ന രോഗികൾക്കും സന്ദർശകർക്കും കർശനമായ നിയന്ത്രണം ഏർപ്പെടുത്തി. 
കാൻസർ രോഗികൾ മററുള്ളവരുമായി ഇടപഴകുമ്പോഴും യാത്ര ചെയ്യുമ്പോഴും കൊറോണ വൈറസ് ബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് . കോവിഡ് രോഗബാധ കാൻസർ രോഗികളിൽ ഗൗരവതരത്തിലുള്ള ആരോഗ്യ പ്രശ്‌നമുണ്ടാക്കുമെന്നുള്ളതിനാലും അത് രോഗിയെ അത്യാഹിത സാഹചര്യങ്ങളിലേക്ക് എത്തിച്ചേക്കുമെന്നുള്ളതുകൊണ്ടും രോഗികൾ നിർദേശങ്ങൾ കൃത്യമായി പാലിക്കേണ്ടതാണ്. ഇപ്പോഴത്തെ രോഗ വ്യാപനം കണക്കിലെടുത്തു  കൂടുതൽ കർശന നിയന്ത്രണങ്ങൾ സെന്റർ ഏർപ്പെടുത്തി.
എം.സി.സിയിൽ പുതുതായി രജിസ്റ്റർ ചെയ്യുന്നവർക്കും നിലവിൽ ചികിത്സയിലുള്ള രോഗികൾക്കും മുടക്കമൊന്നും കൂടാതെ ചികിത്സ ലഭിക്കുന്നതാണ്. 
ചികിത്സ കഴിഞ്ഞ തുടർ സന്ദർശനം മാത്രം നിർദേശിച്ചിട്ടുള്ള രോഗികൾക്കായി  മലബാർ കാൻസർ സെന്ററിൽ  ഒരു പ്രത്യേക  വാട്‌സ്ആപ് നമ്പർ- 9188202602   ഏർപ്പെടുത്തിയിട്ടുണ്ട്. രോഗികൾ ഈ നമ്പറിലേക്ക് മെസേജ് അയച്ച്  ഡോക്ടർമാരുടെ നിർദേശങ്ങൾക്ക് അനുസരിച്ചു ചികിത്സ തുടരേണ്ടതാണ്. രോഗികൾക്കായി സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള  ഇ സഞ്ജീവനി ഓൺ ലൈൻ ഒപി സംവിധാനം പരമാവധി ഉപയോഗപ്പെടുത്തി യാത്രകൾ ചുരുക്കേണ്ടതാണ്.
ഒരു രോഗിയുടെ കൂടെ ഒരാളെ മാത്രമേ അകത്തേക്ക് പ്രവേശിക്കാൻ അനുവദിക്കുകയുള്ളൂ. സന്ദർശകരെ കർശനമായി ഒഴിവാക്കിയിരിക്കുന്നു. 
അകത്തേക്ക് പ്രവേശിക്കുമ്പോൾ എല്ലാവരും സർജിക്കൽ  മാസ്‌ക് നിർബന്ധമായും ധരിക്കേണ്ടതാണ്. ഓരോ ചികിത്സയും ആരംഭിക്കുന്നതിനു മുമ്പ് രോഗികൾ  കോവിഡ് പരിശോധന നടത്തേണ്ടതാണ്. കോവിഡ് രൂക്ഷമാവുന്ന സാഹചര്യത്തിൽ രോഗിയെ അനുഗമിക്കുന്ന കൂട്ടിരിപ്പുകാർക്കും കോവിഡ് ടെസ്റ്റ് ഏർപ്പെടുത്തേണ്ടി വന്നേക്കാം.
അതാതു ഒ.പി  വിഭാഗങ്ങളിൽ വിളിച്ചും രോഗികൾക്ക് തുടർ ചികിത്സക്ക് വേണ്ട നിർദേശങ്ങൾ  തേടാവുന്നതാണ്. ഹെമറ്റോളജി - 0490 -2399245, സർജറി വിഭാഗം- 2399214, ഹെഡ് ആൻഡ് നെക്ക്- 2399212, ഗൈനെക് & ബ്രെസ്റ്റ്  2399287,  പാലിയേറ്റിവ് -2399277, മെഡിക്കൽ ഓങ്കോളജി - 2399255, റേഡിയേഷൻ വിഭാഗം-2399276, പീഡിയാട്രിക്- 2399298, ശ്വാസകോശ വിഭാഗം  2399305, രോഗികളുടെ സുരക്ഷ കണക്കിലെടുത്ത് ഏവരും നിർദേശങ്ങളുമായി സഹകരിക്കേണ്ടതാണെന്നും വാർത്താകുറിപ്പിൽ അറിയിച്ചു

Latest News