Sorry, you need to enable JavaScript to visit this website.

ഹിന്ദു സമുദായം വിദ്യാഭ്യാസത്തിൽ  ഏറ്റവും പിറകിലായ മതവിഭാഗമെന്ന് സർവെ

ന്യൂദൽഹി- വിദ്യാഭ്യാസ നേട്ടത്തിൽ ലോകത്തുടനീളമുള്ള വിവിധ മതവിഭാഗങ്ങൾക്കിടയിൽ ഏറ്റവും പിന്നാക്കം നിൽക്കുന്നത് ഹിന്ദു സമുദായമാണെന്ന് അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഗവേഷണ സ്ഥാപനമായ പ്യൂ റിസെർച്ച് സെന്റർ നടത്തിയ സർവെ. ജൂത സമുദായമാണ് ലോകത്ത് ഏറ്റവും വലിയ വിദ്യാസമ്പരെന്നും പഠനം പറയുന്നു. ആഗോള തലത്തിൽ ഹിന്ദുസമുദായംഗങ്ങൾക്ക് ശരാശരി 5.6 വർഷത്തെ സ്‌കൂൾ വിദ്യാഭ്യാസമെ ലഭിക്കുന്നുള്ളൂ. 41 ശതമാനം ഹിന്ദു സമുദായംഗങ്ങൾക്കും ഒരു തരത്തിലുമുള്ള ഔദ്യോഗിക വിദ്യാഭ്യാസം ലഭിച്ചിട്ടില്ല. പത്തിലൊന്ന് പേർ മാത്രമെ ബിരുദ തലം വരെ പഠിച്ചിട്ടുള്ളൂ. 

അതേസമയം, ഏതാനും പതിറ്റാണ്ടുകൾക്കുള്ളിൽ 25 വയസ്സിനു മുകളിലുള്ള ഹിന്ദു സമുദായംഗങ്ങൾ വിദ്യാഭ്യാസ രംഗത്ത് കാര്യമായ പുരോഗതി ഉണ്ടാക്കിയതായും കണക്കുകൾ വ്യക്തമാക്കുന്നു. മുൻ തലമുറയെ അപേക്ഷിച്ച് ഇവർക്ക് ശരാശരി 3.4 വർഷം അധികം സ്‌കൂൾ വിദ്യാഭ്യാസം നേടാനായിട്ടുണ്ട്-പ്യൂ സർവെ പറയുന്നു. തലമുറകളായി ഹിന്ദു വനിതകൾ വിദ്യാഭ്യാസ രംഗത്ത് വലിയ നേട്ടങ്ങളുണ്ടാക്കിയിട്ടുണ്ടെങ്കിലും സമുദായത്തിനകത്ത് വിദ്യാഭ്യാസപരമായ ലിംഗ അസമത്വം നിലനിൽക്കുന്നുണ്ട്. ഹിന്ദു പുരുഷൻമാർക്ക് വനിതകളെ അപേക്ഷിച്ച് ശരാശരി 2.7 വർഷത്തെ അധിക സ്‌കൂൾ വിദ്യാഭ്യാസം ലഭിച്ചിട്ടുണ്ട്. പകുതിയിലേറെ (53 ശതമാനം) ഹിന്ദു വനികൾക്കും ഔദ്യോഗിക വിദ്യാഭ്യാസം ലഭിച്ചിട്ടില്ല. പുരുഷൻമാരിൽ 29 ശതമാനത്തിനു മാത്രമെ ലഭിക്കാത്തതുള്ളൂ. 

151 രാജ്യങ്ങളുടെ സെൻസസ് കണക്കുകൾ അപഗ്രഥിച്ചാണ് പ്യൂ ഈ പഠനം നടത്തിയിരിക്കുന്നത്. വിവിധ മതവിഭാഗങ്ങൾക്കിടയിലെ വിദ്യാഭ്യാസപരമായി ലിംഗ അസമത്വത്തിന്റെ കണക്കുകളും ഈ റിപ്പോർട്ടിൽ വിശദമാക്കുന്നുണ്ട്.  ആഗോള തലത്തിൽ മുസ്‌ലിം വനിതകൾക്ക് ശരാശരി 4.9 വർഷത്തെസ്‌കൂൾ വിദ്യാഭ്യാസം ലഭിച്ചപ്പോൾ മുസ്‌ലിം പുരുഷൻമാർക്ക് ശരാശരി 6.4 വർഷം ലഭിച്ചു. ഹിന്ദു സ്ത്രീകൾക്ക് 4.2 വർഷം ലഭിച്ചപ്പോൾ ഹിന്ദു പുരുഷൻമാർക്ക് 6.9 വർഷവും ലഭിച്ചു.  

ലോകത്ത് ഏറ്റവും കൂടുതൽ ഹിന്ദു ജനസംഖ്യയുള്ളത് ഇന്ത്യയിലാണ് (94 ശതമാനം). അയൽ രാജ്യമായ നേപ്പാളിലും (2.3 ശതമാനം) ബംഗ്ലാദേശിലുമാണ് (1.2 ശതമാനം) ബാക്കി വരുന്ന ഹിന്ദു വിശ്വാസികളിൽ ഏറിയ പങ്കും. ഈ രാജ്യങ്ങളിലും ഹിന്ദു സമുദായം വിദ്യാഭ്യാസ രംഗത്ത് പിറകിലാണ്. 

അതേസമയം, ഹിന്ദു സമുദായം മത ന്യൂനപക്ഷമായ ഏഷ്യ പസഫിക് മേഖലയിൽ ഹിന്ദു വിഭാഗം വിദ്യാഭ്യാസപമായി ഏറെ മുന്നിലാണ്. ഈ മേഖലയിലെ രാജ്യങ്ങളിൽ ഏറ്റവും വിദ്യാസമ്പന്നരായ മതവിഭാഗങ്ങളിലും ഹിന്ദു സമുദായം ഉൾപ്പെടുന്നതായി പ്യൂ റിപ്പോർട്ട് പറയുന്നു. യു.എസിലെ ഹിന്ദു സമുദായംഗങ്ങൾക്ക് ശരാശരി 15.7 വർഷത്തെ സ്‌കൂൾ വിദ്യാഭ്യാസം ലഭിച്ചിട്ടുണ്ട്. യുഎസിലെ ഏറ്റവും വിദ്യാസമ്പന്നരായ മത വിഭാഗമായ ജുത സമുദായത്തിനും മുകളിലാണിത്. അമേരിക്കയിലെ മൊത്തം മുതിർന്നവർക്ക് 12.9 വർഷത്തെ സ്‌കൂൾ വിദ്യാഭ്യാസമെ ലഭിച്ചിട്ടുള്ളൂവെന്നും സർവെ വ്യക്തമാക്കുന്നു.


 

Latest News