ഛണ്ഡീഗഡ്- പഞ്ചാബില്‍ നവജാത ശിശുവിനെ സെപ്റ്റിക് ടാങ്കിലിട്ട് മൂടി. സംഭവത്തില്‍ കുട്ടിയുടെ പിതാവിന്റെ സഹോദരന്റെ ഭാര്യ സുഖ്പ്രീതിനെ പോലീസ് അറസ്റ്റ് ചെയ്തു. ഫസില്‍ക്ക ജില്ലയിലെ അര്‍ ഖാസ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് സുഖ്പ്രീത് സെപ്റ്റിക് ടാങ്കിലിട്ട് അതിദാരുണമായി കൊലപ്പെടുത്തിയത്. കുട്ടിയുടെ അമ്മ ജോലിക്ക് പോയ തക്കം നോക്കിയായിരുന്നു കൃത്യം നടത്തിയത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ അമ്മ കുഞ്ഞിനെ കണ്ടില്ല.ഉടനെ വിവരം ഭര്‍ത്താവിനെ അറിയിക്കുകയായിരുന്നു. ഭര്‍ത്താവും മറ്റ് ബന്ധുക്കളും ചേര്‍ന്ന് വീടും പരിസരവും പരിശോധിച്ചെങ്കിലും കുട്ടിയെ കണ്ടെത്താന്‍ ആയില്ല. ഇതിനിടെയാണ് കുട്ടിയുടെ കാലുകള്‍ സെപ്റ്റിക് ടാങ്കില്‍ കണ്ടതായി സുഖ്പ്രീത് തന്നെ വെളിപ്പെടുത്തിയത്.
പരിശോധിച്ചപ്പോള്‍ കുട്ടിയുടെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍ നിന്നും കണ്ടെത്തി. തുടര്‍ന്നുള്ള സുഖ്പ്രീതിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ സുഖ്പ്രീത് കുറ്റം സമ്മതിച്ചു. കുടുംബവഴക്കിനെ തുടര്‍ന്ന് കുട്ടിയുടെ അമ്മയോട് ഉണ്ടായ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നില്‍ എന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302ാം വകുപ്പ് പ്രകാരമാണ് കേസ് എടുത്തത്.