പത്തനംതിട്ട- 13 വര്‍ഷമായി നഷ്ടത്തിലായിരുന്ന പൊതുമേഖലാസ്ഥാപനമായ കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എന്‍ജിനീയറിങ് കമ്പനി (കെല്) ലാഭത്തിലായി. മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തികവര്‍ഷം 69 ലക്ഷം രൂപയാണ് ലാഭം കിട്ടിയത്.
ട്രാന്‍സ്ഫോര്‍മര്‍, റെയില്‍വേ ആള്‍ട്ടര്‍നേറ്റീവ്സ്, എല്‍.ഇ.ഡി. ബള്‍ബുകള്‍ എന്നിവയുടെ നിര്‍മാണത്തിനുപുറമേ മരാമത്ത് പണികളുടെ ചുമതലയും കെല് ഏറ്റെടുത്തുനടത്തുന്നുണ്ട്. തമിഴ്നാട് വൈദ്യുതി വകുപ്പ് ട്രാന്‍സ്ഫോര്‍മറുകള്‍ വാങ്ങാന്‍ കെല്ലിന് കരാര്‍ നല്‍കിയിരുന്നു. 90 കോടി രൂപയുടെ ട്രാന്‍സ്ഫോര്‍മറുകളാണ് തമിഴ്നാട്ടിലെ വൈദ്യുതി ബോര്‍ഡ് വാങ്ങിയത്. ഇതാണ് കെല്ലിന് പുതുജീവന്‍ നല്‍കിയത്.
കുണ്ടറ, എറണാകുളം മാമല, കോട്ടക്കല്‍ എരടിക്കോട് എന്നിവിടങ്ങളിലാണ് കെല്ലിന് ട്രാന്‍സ്ഫോര്‍മര്‍ ഫാക്ടറികള്‍ ഉള്ളത്. കേരള വൈദ്യുതി വകുപ്പിനും കര്‍ണാടക വൈദ്യുതി വകുപ്പിനും ഇവര്‍ ട്രാന്‍സ്ഫോര്‍മറുകള്‍ നല്‍കുന്നുണ്ട്. കുണ്ടറയിലെയും മാമലയിലെയും ഫാക്ടറികള്‍ അടുത്തിടെ നന്നാക്കിയിരുന്നു. നദികളുടെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന തൂക്കുപാലങ്ങള്‍, വിനോദസഞ്ചാര കേന്ദ്രങ്ങളിലെ പണികള്‍ എന്നിവ കെല് ഏറ്റെടുത്ത് നടത്തുന്നുണ്ട്. പാലക്കാട് ജില്ലയിലെ സ്വിച്ച് ഫാക്ടറികളില്‍ എല്‍.ഇ.ഡി.കളും ഹൈമാസ്റ്റ് ലൈറ്റുകളും നിര്‍മിക്കാന്‍ നടപടിയായി. ഇവിടെ ഉത്പാദിപ്പിക്കുന്ന എല്‍.ഇ.ഡി. ബള്‍ബുകള്‍ പഞ്ചായത്തുകള്‍ മുഖാന്തരം വിതരണം ചെയ്യാനാണ് തീരുമാനം.
കെല് 21 കോടി രൂപ നഷ്ടത്തിലാണ് അഞ്ചുവര്ഷംമുന്പ് പ്രവര്‍ത്തിച്ചിരുന്നതെന്ന് ചെയര്മാന് വര്‍ക്കല ബി.രവികുമാര്‍ പറഞ്ഞു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ചെലവ് ചുരുക്കിയും ജോലികള്‍ പുനഃക്രമീകരിച്ചും വരുമാനം കൂട്ടുകയായിരുന്നു. കേരളത്തിനുപുറത്തുനിന്നും ട്രാന്‍സ്ഫോര്‍മറുകള്‍ക്ക് ആവശ്യം കൂടിയതും റെയില്‍വേയുടെ സഹകരണവും വരുമാനം വര്‍ദ്ധിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.