ന്യൂദൽഹി- കോൺഗ്രസ് അധ്യക്ഷ പദവിയിൽ രണ്ടു പതിറ്റാണ്ട് പൂർത്തിയാക്കി സോണിയാ ഗാന്ധി നടത്തിയ വിടവാങ്ങൽ പ്രസംഗത്തിന്റെ സംക്ഷിപ്ത രൂപം.
കോൺഗ്രസിൽ ഒരു പുതുയുഗത്തിനും നേതൃത്വത്തിനും തുടക്കമായിരിക്കുകയാണ്. ഇന്ദിരാ ഗാന്ധിയും എന്റെ ഭർത്താവും കൊല്ലപ്പെട്ടതിനു ശേഷം കോൺഗ്രസ് പാർട്ടി പുതിയ വെല്ലുവിളികൾ നേരിടുന്നുവെന്ന തിരിച്ചറിഞ്ഞപ്പോഴാണ് ഞാൻ രാഷ്ട്രീയത്തിൽ പ്രവേശിച്ചത്.
രാഹുൽ എന്റെ മകനാണ്. ഞാൻ അവനെ പുകഴ്ത്തുന്നത് ശരിയല്ല. പക്ഷെ ഒരു കാര്യം ഞാൻ പറയാൻ ആഗ്രഹിക്കുന്നു. ചെറുപ്പകാലം തൊട്ടെ ആക്രമണത്തിന്റെ അനന്തരഫലങ്ങൾ അനുഭവിച്ചയാളാണ് രാഹുൽ ഗാന്ധി. രാഷ്ട്രീയത്തിലെത്തിയതിനു ശേഷം വ്യക്തിപരമായ ആക്രമണങ്ങളും രാഹുൽ നേരിട്ടിട്ടുണ്ട്. ഇതെല്ലാം അദ്ദേഹത്തെ നിർഭയനും കരുത്തനും ആക്കി മാറ്റിയിട്ടുണ്ട്. രാഹുൽ നയിക്കുന്ന കോൺഗ്രസിന്റെ ഭാവിയിൽ പ്രതീക്ഷയും ആത്മവിശ്വാസവുമുണ്ട്.
രാജ്യത്ത് ഭരണഘടനാ മൂല്യങ്ങൾക്കെതിരെ അതിക്രമമുണ്ടാകുന്നു. ജനാധിപത്യ മതനിരപേക്ഷ രാജ്യത്തിനു നേരെ തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം ആക്രമണങ്ങളിൽ ആശങ്കയുള്ളവർ നാം മാത്രമല്ല. ഈ രാജ്യത്തിന്റെ സ്ഥാപിത മൂല്യങ്ങൾ സംരക്ഷിക്കാൻ കോൺഗ്രസ് പ്രവർത്തകർ രംഗത്തിറങ്ങണം. ഇതൊരു ധാർമിക പോരാട്ടമാണ്. നാം എന്തും ബലിനൽകാൻ തയാറാകണം.
ഈ രാജ്യത്തിന്റെ സംസ്‌കാരവും പൈതൃകവും ഞാൻ പഠിച്ചത് ഇന്ദിരാ ഗാന്ധിയിൽ നിന്നാണ്. അവർ കൊല്ലപ്പെട്ട് ഏഴു വർഷത്തിനു ശേഷം എന്റെ ഭർത്താവും കൊല്ലപ്പെട്ടതോടെ ജീവിതത്തിലെ താങ്ങ് നഷ്ടമായി. 20 വർഷം മുമ്പ് കോൺഗ്രസ് അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ പുതിയ ചുമതലയെ കുറിച്ച് അമ്പരപ്പുണ്ടായിരുന്നു. പാർട്ടിയുടെ പൈതൃകത്തെ പോറലേൽപ്പിക്കാതെ എങ്ങനെ സംരക്ഷിക്കണമെന്ന കാര്യത്തിൽ ആശങ്കയുമുണ്ടായിരുന്നു. ഇന്ദിരാ ഗാന്ധിയുടെ വിപ്ലവകരമായ കാലഘട്ടത്തിലാണ് ഞാനും ഈ കുടുംബത്തിന്റെ ഭാഗമായത്. അതാണ് എന്നെ തുണച്ചത്.
രാഹുലിന്റെ സ്ഥാനാരോഹണ ചടങ്ങ് ആഘോഷമാക്കിയ പാർട്ടി പ്രവർത്തകർ നിർത്താതെ പടക്കം പൊട്ടിച്ചതിനെ തുടർന്ന് ഏതാനും മിനിറ്റുകൾ സോണിയയുടെ പ്രസംഗം തടസപ്പെട്ടിരുന്നു. എനിക്ക് അധികം ശബ്ദമുയർത്താൻ പറ്റുന്നില്ലെന്ന് സോണിയ വേദിയിലിരുന്ന നേതാക്കളോട് പറയുകയും ചെയ്തു.