കൊല്ലൂർ- മകളുടെ ദുരൂഹ മരണത്തിനു പിന്നാലെ നാടുവിട്ട കാക്കനാട് കങ്ങരപ്പടി ശ്രഗോകുലം ഹാർമണി ഫ്‌ളാറ്റിൽ സനു മോഹൻ(40) പിടിയിലായി. കർണാടകയിലെ കാർവാറിലാണ് ഞായറാഴ്ച ഉച്ചയോടെ ഇയാൾ പിടിയിലായത്. സനു മോഹൻ കൊല്ലൂരിലെത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് കൊച്ചിയിൽനിന്നുള്ള അന്വേഷണ സംഘം കൊല്ലൂരിലെത്തിയിരുന്നു. കൊച്ചിയിൽ എത്തിച്ചശേഷമായിരിക്കും വിശദമായ ചോദ്യം ചെയ്യല്‍.
മാർച്ച് 20നാണ് സനു മോഹനെയും മകൾ വൈഗയെയും(13) കാണാതായത്. വൈഗയെ പിറ്റേന്നു കൊച്ചി മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. സനു മോഹനെ കണ്ടെത്താനായിരുന്നില്ല. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഇയാളുടെ കാർ കോയമ്പത്തൂർ വരെ എത്തിയതായി കണ്ടെത്തി. തുടർന്നു രണ്ടാഴ്ചയോളം തമിഴ്‌നാട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെയാണ് ഇയാൾ കൊല്ലൂരിൽ താമസിച്ചതായി വ്യക്തമായതും ഇവിടെ നടത്തിയ അന്വേഷണത്തിൽ പിടിയിലായതും.
ഒരാഴ്ചയോളം ഇയാൾ കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിന് തൊട്ടടുത്ത സ്വകാര്യ ടൂറിസ്റ്റ് ഹോമിലാണ് താമസിച്ചിരുന്നത്. ഏപ്രിൽ പത്തിനു മുറിയെടുത്ത സനു മോഹൻ 16നു രാവിലെ 9.30ന് മുറി വാടക നൽകാതെ മുങ്ങുകയായിരുന്നു.
മുറിയെടുക്കുമ്പോൾ തിരിച്ചറിയൽ രേഖയായി സനു മോഹൻ ആധാർ കാർഡാണ് നൽകിയിരുന്നത്. അഡ്വാൻസ് നൽകിയിരുന്നില്ല. 16നു രാവിലെ 8.45ഓടെ റിസപ്ഷനു സമീപത്തിരുന്നു പത്രം വായിച്ചു. തുടർന്ന് മുറി ഒഴിയുന്നതായി ഹോട്ടൽ ജിവനക്കാരെ അറിയിച്ചു. വൈകിട്ട് 4.45നു മണിക്കു മംഗളൂരുവിൽനിന്നു വിമാനത്തിൽ പോകാനുള്ളതാണെന്നും വിമാനത്താവളത്തിലേക്കു പോകാൻ ഉച്ചയ്ക്ക് ഒരു മണിക്ക് ഒരു കാർ ഏർപ്പെടുത്തണമെന്നും പറഞ്ഞു. തുടർന്നു ക്ഷേത്രത്തിൽനിന്നു പ്രസാദം വാങ്ങി വരാമെന്നു പറഞ്ഞാണ് ഹോട്ടലിൽനിന്ന് ഇറങ്ങിയത്.
ഉച്ചയ്ക്ക് വിമാനത്താവളത്തിലേക്കു പോകാൻ കാർ എത്തിയെങ്കിലും ഇയാൾ എത്തിയിരുന്നില്ല. ഇതോടെയാണു സനു മോഹൻ മുങ്ങിയതായിരിക്കാമെന്നു ടൂറിസ്റ്റ്‌ഹോം ജീവനക്കാർക്കു സംശയം തോന്നിയത്. തുടർന്ന് ഹോട്ടല്‍ ജീവനക്കാർ നടത്തിയ അന്വേഷണത്തിലാണ് കേരള പൊലീസ് തരയുന്ന സനു മോഹനാണെന്നു വ്യക്തമായത്. കേരള പോലീസ് ശനിയാഴ്ച രാവിലെ കൊല്ലൂരിലെത്തി അന്വേഷണം ആരംഭിച്ചപ്പോള്‍ സനു മോഹൻ വനമേഖലയിലേക്കു കടന്നതായി സൂചന ലഭിച്ചു.
ഇയാൾ ബസ് ഇറങ്ങിയ ഭാഗം കേന്ദ്രീകരിച്ച് വനത്തിൽ കൊല്ലൂർ പോലീസിന്റെയും വനം വകുപ്പിന്റെയും സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് ഉച്ചയോടെ പിടികൂടിയത്.