ഹൂസ്റ്റന്‍- ഇന്ത്യന്‍ വംശജയായ യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിനെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയ നഴ്‌സിനെ പോലീസ് അറസ്റ്റ് ചെയ്തു. ഫ്‌ളോറിഡയിലെ 39കാരിയായ നിവിയാനെ പെറ്റിറ്റ് ഫെല്‍പ്‌സ് പിടിയിലായത്. യുഎസ് സീക്രട്ട് സര്‍വീസാണ് കേസ് അന്വേഷിച്ചത്. യുഎസില്‍ വൈസ് പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ വനിതയും കറുത്ത വര്‍ഗക്കാരിയും സൗത്ത് ഏഷ്യന്‍ അമേരിക്കക്കാരിയുമാണ് 56കാരിയായ കമല ഹാരിസ്. ഫെബ്രുവരിയിലാണ് ഫെല്‍പ്‌സ് കമലയെ കൊല്ലുമെന്നും ഉപദ്രവിക്കുമെന്നും ഭീഷണി മുഴക്കിയത്. ജയിലില്‍ കഴിയുന്ന ഭര്‍ത്താവിന് അയച്ച വിഡിയോ സന്ദേശങ്ങളിലാണ് ഫെല്‍പ്‌സ് പ്രസിഡന്റ് ജോ ബൈഡനും കമല ഹാരിസിനുമെതിരായ തന്റെ വിദ്വേഷം പ്രകടിപ്പിക്കുകയും ഭീഷണി മുഴക്കുകയും ചെയ്തത്. കമലയുടെ ദിനങ്ങള്‍ എണ്ണിക്കഴിഞ്ഞെന്നും 50ാം ദിവസം മരിക്കാന്‍ പോകുകയാണെന്നും പ്രതി ഒരു വിഡിയോയില്‍ പറയുന്നുണ്ട്.
പരാതി ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഫെല്‍പ്‌സ് ആയുധ പരിശീലനം നടത്തിയതായും ഒളി ആയുധങ്ങള്‍ വാങ്ങാനുള്ള ലൈസന്‍സിന് അപേക്ഷിച്ചിരുന്നതായും കണ്ടെത്തി. തുടര്‍ന്നാണ് അറസ്റ്റ്.