ന്യൂദല്‍ഹി- റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷക റാലിക്കിടെ ചെങ്കോട്ടയില്‍ കടന്ന് പതാക ഉയര്‍ത്തിയ സംഭവത്തില്‍ ജാമ്യം ലഭിച്ചതിനു പിന്നാലെ പഞ്ചാബി നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ദുവിനെ മറ്റൊരു കേസില്‍ ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു.
ആര്‍ക്കിളോജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ.എസ്.ഐ) ഫയല്‍ ചെയ്ത കേസിലാണ് ദല്‍ഹി പോലീസിലെ ക്രൈംബ്രാഞ്ച് വീണ്ടും സിദ്ദുവിനെ അറസ്റ്റ് ചെയ്തത്.
ചെങ്കോട്ടയില്‍ വരുത്തിയ കേടുപാടുകള്‍ ചൂണ്ടിക്കാട്ടിയാണ് ചെങ്കോട്ട സമുച്ചയത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന എ.എസ്.ഐ പരാതി നല്‍കിയിരുന്നത്.
നേരത്തെ ദല്‍ഹി കോടതിയാണ് സിദ്ദുവിന് സോപാധിക ജാമ്യം അനുവദിച്ചത്. പോലീസ് സ്‌റ്റേഷനില്‍ ഹാജരായി പാസ്‌പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഫോണ്‍ നമ്പര്‍ മാറ്റരുതെന്നും തെളിവുകള്‍ നശിപ്പിക്കരുതെന്നും കോടതി ഉപാധികള്‍ വെച്ചിരുന്നു. 30,000 രൂപയായിരുന്ന ജാമ്യത്തുക. അന്വേഷണ ഉദ്യോഗസ്ഥാന്‍ എപ്പോള്‍ വിളിച്ചാലും ഹാജരാകുകയും വേണം.
ജനുവരി 26 ന് ദല്‍ഹിയില്‍നിന്ന് അപ്രത്യക്ഷനായ ദീപ് സിദ്ദുവിനെ ഫെബ്രുവരിയില്‍ ഹരിയാനയിലെ കര്‍ണാലില്‍നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തിരുന്നത്.