ന്യൂദൽഹി- വെറുപ്പിന്റെ രാഷ്ട്രീയമാണ് ബി.ജെ.പി നടത്തുന്നതെന്ന് കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട രാഹുൽ ഗാന്ധി. പാർട്ടി ആസ്ഥാനത്ത് സ്ഥാനമേറ്റ ശേഷം നടത്തിയ പ്രസംഗത്തിലാണ് ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്രമോഡിക്കുമെതിരെ കടുത്ത പരാമർശങ്ങൾ രാഹുൽ ഗാന്ധി നടത്തിയത്.
കോണ്‍ഗ്രസ് ഇന്ത്യയെ നയിച്ചത് 21-ാം നൂറ്റാണ്ടിലേക്കാണ്. എന്നാല്‍ ഇന്ന് പ്രധാനമന്ത്രി നമ്മെ പിന്നോട്ട് നയിച്ച് മധ്യകാലത്തേക്ക് കൊണ്ടു പോകുന്നു. ഏതെങ്കിലും ഒരു വസ്തു കത്തിച്ചാല്‍ ആ തീ അണയ്ക്കാന്‍ വളരെ പ്രയാസമാണെന്ന് ബിജെപി മനസ്സിലാക്കണം. ആ തീയും അതിക്രമവുമാണ് രാജ്യത്ത് ബിജെപി ആളിപ്പടര്‍ത്തുന്നത്. സമാധാനപരമായി ഇവിടെ ഒരു കാര്യവും നടക്കില്ലെന്ന് വിശ്വസിക്കാന്‍ നാം നിര്‍ബന്ധിതരായിരിക്കുന്നു. ഒരാളുടെ ശബ്ദം മാത്രമാണ് രാജ്യത്ത് മുഴങ്ങിക്കേള്‍ക്കുന്നത്. വൈദഗ്ധ്യവും, അനുഭവസമ്പത്തും, അറിവും ഒരാളെ മഹത്വവല്‍ക്കരിക്കാനായി മാത്രം നീക്കിവയ്ക്കപ്പെടുന്നു.
ബിജെപി ഇപ്പോള്‍ ചെയ്യുന്നതില്‍ നിന്നും അവരെ തടയാന്‍ ആരെങ്കിലുമുണ്ടെങ്കില്‍ അത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും മാത്രമാണ്. വളരെ പഴക്കം ചെന്ന പാര്‍ട്ടിയായ കോണ്‍ഗ്രസിനെ നാം ഒരു യുവ പാര്‍ട്ടികൂടി ആക്കിമാറ്റാനൊരുങ്ങുകയാണ്. വിദ്വേഷത്തിന്റെ രാഷ്ട്രീയത്തെ നാം ചെറുത്തു തോല്‍പ്പിക്കും.
രാഷ്ട്രീയം അടിസ്ഥാനപരമായി ജനങ്ങൾക്കുള്ളതാണ്. എന്നാൽ ഇന്ന് അത് ജനങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നില്ല. ജനങ്ങളെ തകർക്കാനാണ് രാഷ്ട്രീയം പ്രയോഗിക്കുന്നത്. ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാൻ പോലും സ്വാതന്ത്ര്യമില്ലാത്ത രീതിയിലേക്ക് രാജ്യം മാറി.രാജ്യത്ത് നടക്കുന്ന വൃത്തികെട്ട അക്രമണം ലോകത്തിന് മുന്നിൽ ഇന്ത്യയെ നാണം കെടുത്തുന്നു. കോൺഗ്രസ് മുക്തഭാരതത്തിന് വേണ്ടിയാണ് ബി.ജെ.പി ശ്രമിക്കുന്നതും പ്രവർത്തിക്കുന്നതും. എന്നാൽ ബി.ജെ.പിയെ കൂടി പരിഗണിച്ചുള്ള രാഷ്ട്രീയമാണ് കോൺഗ്രസിന്റെത്. ഈ രാജ്യത്തിന്റെ വൈവിധ്യത്തെ ഉൾക്കൊണ്ടുള്ള പ്രവർത്തനമാണ് പാർട്ടി പ്രവർത്തിക്കുന്നത്. മോഡിയുടെ ഭരണം രാജ്യത്തെ പിറകോട്ട് നയിച്ചു. രാജ്യത്തെ മുന്നോട്ട് നയിക്കുകയാണ് കോൺഗ്രസ് ചെയ്തത്. എന്നാൽ രാജ്യത്തെ നൂറ്റാണ്ട് പിറകിലേക്ക് നയിക്കുന്ന നടപടിയാണ് ബി.ജെ.പിയും മോഡിയും സ്വീകരിച്ചു. വെറുപ്പിന്റെ രാഷ്ട്രീയമാണ് ബി.ജെ.പി കളിക്കുന്നത്. കഴിഞ്ഞ പതിമൂന്ന് വർഷമായി പാർട്ടിയിൽ പ്രവർത്തിക്കാൻ തുടങ്ങിയ ശേഷം മുതിർന്നവരിൽനിന്ന് എല്ലാം നേരിട്ട് കണ്ടു പഠിക്കുകയാണ് ചെയ്തത്. മൻമോഹൻ സിംഗ്, സോണിയ ഗാന്ധി എന്നിവരെല്ലാം ആവശ്യമായ ഉപദേശങ്ങൾ നൽകിയെന്നും രാഹുൽ അനുസ്മരിച്ചു.