ന്യൂദൽഹി- കോൺഗ്രസ് പ്രസിഡന്റായി രാഹുൽ ഗാന്ധി ചുമതലയേല്‍ക്കുന്നു. രാവിലെ പതിനൊന്ന് മണിയോടെ വേദിയിലെത്തിയ രാഹുലിനെ വന്‍ കരഘോഷത്തോടെയാണ് സദസ് സ്വീകരിച്ചത്. മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിനും സോണിയാഗാന്ധിക്കും പിറകിലായാണ് രാഹുല്‍ വേദിയിലെത്തിയത്. തുടര്‍ന്ന് ഈശ്വര പ്രാര്‍ത്ഥനക്ക് ശേഷം, ജനാര്ദനന് ദ്വിവേദി ആമുഖ പ്രസംഗം നടത്തി. രാഹുലിനെ കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുത്തുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് പ്രഖ്യാപിച്ചു. വൈകാരികമായ സന്ദര്‍ഭമാണിതെന്ന് മുല്ലപ്പള്ളി പറഞ്ഞു. കോണ്‍ഗ്രസിന്റെ ചരിത്രനിമിഷമാണെന്നും സോണിയ ഗാന്ധിയില്‍നിന്നും രാഹുലിലേക്ക് അധികാരമെത്തുന്നത് കോണ്‍ഗ്രസുകാര്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തം നല്‍കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
അമ്മ സോണിയാഗാന്ധിയിൽനിന്ന് പാർട്ടിയുടെ പരമോന്നത പദവിയിലേക്ക് രാഹുൽ എത്തുമ്പോൾ കോൺഗ്രസിൽ സംഭവിക്കുന്നത് തലമുറക്കൈമാറ്റം കൂടിയാണ്. എ.ഐ.സി.സി ആസ്ഥാനത്തെ പുൽത്തകിടിയിലാണ് സ്ഥാനക്കൈമാറ്റം നടക്കുന്നത്. രാവിലെ പതിനൊന്ന് മണിക്കാണ് അധികാരക്കൈമാറ്റം നടന്നത്. തെരഞ്ഞെടുപ്പിൽ രാഹുൽ വിജയിച്ചതായി റിട്ടേണിംഗ് ഓഫീസർ മുല്ലപ്പള്ളി രാമചന്ദ്രൻ പ്രഖ്യാപിച്ചു. സോണിയാ ഗാന്ധിയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും പ്രസംഗിച്ച ശേഷം രാഹുൽ ഗാന്ധി മറുപടി പ്രസംഗം നടത്തും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മോത്തിലാല്‍ വോറ, രാഹുലിന്റെ സഹോദരി പ്രിയങ്ക ഗാന്ധി എന്നിവരും വേദിയിലുണ്ടായിരുന്നു.
കേരളത്തിൽനിന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വി.ഡി സതീശൻ, ഷാഫി പറമ്പിൽ എം.എൽ.എ, കെ.സി ജോസഫ് എം.എൽ.എ, ബെന്നി ബഹന്നാൻ തുടങ്ങി നിരവധി നേതാക്കൾ എ.ഐ.സി.സി ആസ്ഥാനത്തെത്തി. യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ എ.ഐ.സി.സി ആസ്ഥാനത്ത് വൻ ആഘോഷമാണ് സംഘടിപ്പിച്ചത്. അയൽ സംസ്ഥാനങ്ങളിൽനിന്ന്് നിരവധി പ്രവർത്തകരും എ.ഐ.സി.സി ആസ്ഥാനത്തെത്തി. രാഹുലിന്റെ വീട്ടിലും ആഘോഷം സംഘടിപ്പിച്ചിരുന്നു.
സോണിയ ഗാന്ധി പാർട്ടി അധ്യക്ഷയായി ചുമതലയേറ്റെടുത്ത ശേഷം 19 വർഷത്തിന് ശേഷമാണ് ഇപ്പോൾ അധ്യക്ഷ സ്ഥാനത്തു മാറ്റമുണ്ടാകുന്നത്. നെഹ്റു കുടുംബത്തിൽ നിന്ന് പാർട്ടി പ്രസിഡന്റാകുന്ന ഇളം തലമുറക്കാരനു പിന്നിൽ പാർട്ടിയെ നയിച്ച വലിയ പാരമ്പര്യമാണുള്ളത്. മോത്തിലാൽ നെഹ്റു, ജവഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, സോണിയ ഗാന്ധി എന്നിവർക്കു ശേഷം രാഹുൽ ഗാന്ധിയിലൂടെ കോൺഗ്രസ് അധ്യക്ഷ സ്ഥാനം വീണ്ടും കുടുംബ ചരിത്രത്തിൽ എത്തി നിൽക്കുന്നു. സ്വാതന്ത്ര്യലബ്ദിക്ക് ശേഷം കോൺഗ്രസിനെ നയിച്ച 15 അധ്യക്ഷൻമാരിൽ നാലുപേരും നെഹ്റു കുടുംബത്തിൽ നിന്നുള്ളവരായിരുന്നു. സോണിയയ്ക്കു പിന്നാലെ ഇതിൽ ആറാമനായാണു രാഹുൽ കോൺഗ്രസിന്റെ അമരക്കാരനായി ചുമതലയേറ്റെടുക്കുന്നത്.
എ.ഐ.സി.സി ആസ്ഥാനത്തിനു മുന്നിൽ തടിച്ചു കൂടിയ കോൺഗ്രസ് പ്രവർത്തകർ പടക്കം പൊട്ടിച്ചും മധുരം വിതറിയുമാണ് രാഹുലിന്റെ സ്ഥാനാരോഹണം പ്രവർത്തകർ ആഘോഷിച്ചത്. വരുംകാല ഇന്ത്യൻ രാഷ്ട്രീയത്തിൽ കോൺഗ്രസിന് ഇനി എന്തും സംഭവിച്ചാലും അതിന്റെ ഉത്തരവാദിത്തം പൂർണമായും സ്വന്തം ചുമലിലേറ്റുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് രാഹുൽ ഗാന്ധിയെ കാത്തിരിക്കുന്നത്. ഒറ്റപ്പെട്ട ശബ്ദങ്ങളിൽ പാർട്ടിക്കുള്ളിലെ അസംതൃപ്തരുടെ എതിർപ്പുകൾ ഒടുങ്ങിയതോടെ തെരഞ്ഞെടുപ്പു പ്രക്രീയകൾ പോലും പേരിനു മാത്രമാക്കിയാണ് രാഹുൽ അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത്. ഇനിയൊരു വിപാസനയ്ക്കും അജ്ഞാത വാസങ്ങൾക്കും ഇടംകിട്ടാത്ത വിധം തിരക്കുകളിലേക്കാണ് രാഹുൽ ഗാന്ധി ഔദ്യോഗികമായി ചുവടുവെച്ചു കയറുന്നത്.
പാർട്ടി അണികൾക്കും രാഷ്ട്രീയ പ്രതിയോഗികൾക്കും അപ്പുറം രാജ്യത്തെ മുഖ്യ പ്രതിപക്ഷ പാർട്ടിയെ ഒരു ചെറുപ്പക്കാരൻ നയിക്കുന്നത് ആകാംക്ഷയോടെ കാത്തിരിക്കുന്ന വലിയൊരു വിഭാഗം യുവജനങ്ങളോടും രാഹുൽ ഉത്തരവാദിയായിരിക്കും. രാഹുൽ അധ്യക്ഷനാകുന്നതോടെ കോൺഗ്രസിനുള്ളിലെ വാർധക്യ സിംഹങ്ങൾ ഒതുക്കപ്പെടുമെന്നും കഴിവും മിടുക്കുമുള്ള യുവനിരയ്ക്ക് കൂടുതൽ പ്രാതിനിധ്യം പാർട്ടിക്കുള്ളിൽ ലഭിക്കുമെന്നുമാണ് പ്രതീക്ഷ.
രാജ്യത്തിന്റെ പൊതുവികാരത്തെ പരമാവധി മുതലെടുക്കാനും സംസ്ഥാനങ്ങളുടെ പിന്തുണ ഒന്നുകൂടി ഉറപ്പിച്ചു നിർത്താനും കഴിയാവുന്ന സാഹചര്യത്തിലാണ് രാഹുൽ പാർട്ടിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത്. കേന്ദ്രത്തിൽ ബിജെപിയും നരേന്ദ്ര മോഡിയും അധികാരത്തിൽ ഇരിക്കുന്നു എന്നതു തന്നെയായിരിക്കും രാഹുലിന്റെ രാഷ്ട്രീയ ചുവടുകളും അടവുകളും ആകാംക്ഷയോടെ വീക്ഷിക്കുവാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നത്. മോഡിയുടെ മഹാറാലികൾക്ക് ഒരു ട്വീറ്റ് കൊണ്ട് മറുപടി കൊടുക്കുന്ന രാഹുലിന്റെ മിടുക്കും ആക്രമണത്തിന്റെ മുനയും കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തിരിക്കുമ്പോൾ കൂടുതൽ മൂർച്ചയേറുമോ എന്നു കണ്ടറിയണം. ജി.എസ്.ടിക്കു രാഹുൽ നൽകിയ ഗബ്ബാർ സിംഗ് ടാക്സ് എന്ന നിർവചനം പോലെ മറുപടി നൽകാൻ കഴിയാത്ത വിധത്തിൽ ഭരണപക്ഷത്തെ വെള്ളം കുടിപ്പിച്ചിരുന്നു. ഒറ്റ വാചകത്തിൽ രാഹുൽ ട്വിറ്ററിൽ നടത്തിയ ആക്രമണങ്ങൾക്ക് എൻ.ഡി.എയുടെ ഒരു സംഘം മന്ത്രിമാർക്കു പലയിടങ്ങളിലിരുന്നു മറുപടി പറഞ്ഞു വിഷമിക്കേണ്ടി വന്നതും ശ്രദ്ധേയമാണ്.
കുടുംബ പാരമ്പര്യത്തിനപ്പുറം പ്രവർത്തന പാരമ്പര്യത്തിന്റെ കരുത്തു കൂടിയുണ്ട് അധ്യക്ഷ സ്ഥാനത്തേക്കു വരുമ്പോൾ രാഹുൽ ഗാന്ധിക്ക്. സാധാരണ പ്രവർത്തകനായും ജനറൽ സെക്രട്ടറിയായും എം.പിയായും ഉപാധ്യക്ഷനായും ദീർഘകാലം പ്രവർത്തിച്ചതിന് ശേഷമാണ് അധ്യക്ഷ പദവിയിലേക്കെത്തുന്നത്. അതു തന്നെ 13 വർഷക്കാലത്തെ പാർട്ടിയുടെ കാത്തിരിപ്പിന് ശേഷം. ജനറൽ സെക്രട്ടറിയായിരുന്നപ്പോൾ കെ.എസ്.യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും ചുമതലകൾ വഹിച്ചു. ഇരു സംഘടനകളിലും പുതിയ തെരഞ്ഞെടുപ്പു രീതികൾ പരീക്ഷിച്ചു. കഴിവിന്റെ അടിസ്ഥാനത്തിൽ നേതൃനിരയെ തെരഞ്ഞെടുക്കുന്ന സമ്പ്രദായത്തിനും തുടക്കം കുറിച്ചു. എം.പി ആയിട്ടും പാർട്ടിയുടെ ചുമതല ഏറ്റെടുക്കാതെ വിട്ടു നിന്നു.
കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ രാഹുലിനു വേണ്ടിയല്ലാതെ ഒറ്റ നാമനിർദേശ പത്രിക പോലും സമർപ്പിക്കപ്പെട്ടിട്ടില്ല എന്നതു തന്നെയാണ് പാർട്ടിയെ അടിമുടി നവീകരിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തം രാഹുൽ ഗാന്ധിയുടെ ചുമലിൽ മാത്രമാക്കുന്നത്. അമ്മ സോണിയ ഗാന്ധിയും കുടുംബത്തിലെ തന്നെ തലമുതിർന്നവരും പാർട്ടിയെ നയിച്ചതിന്റെ പാരമ്പര്യം മാത്രം പോരാതെ വരും മോഡിയെ അധികാരത്തിൽ നിന്നും താഴെയിറക്കാനും നഷ്ടപ്രതാപം വീണ്ടെടുക്കാനും കോൺഗ്രസിനെ നയിച്ചു കൊണ്ടു പോകാനുമുള്ള രാഹുലിന്റെ പുതിയ ദൗത്യത്തിൽ.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം ലോക്സഭയിൽ പ്രതിപക്ഷ നേതാവെന്ന സ്ഥാനം പോലും ലഭിക്കാൻ ഭാഗ്യം ലഭിക്കാത്ത കോൺഗ്രസിനെയാണ് ഇനി രാഹുലിനു മുന്നോട്ടു നയിക്കേണ്ടത്. അതോടൊപ്പം തന്നെ വീണ്ടും അധികാരത്തിലെത്തും എന്ന് ഉറപ്പിച്ചു കഴിയുന്ന ബിജെപിക്കും നരേന്ദ്ര മോഡിക്കും ഭീഷണിയായി മാറുവാനും കഴിയണം. താൻ ഒരു ഭൂകമ്പം ഉണ്ടാക്കും എന്നു പാർലമെന്റിൽ പറഞ്ഞിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും ഒന്നും സംഭവിക്കാതിരുന്നതു പോലെയുള്ള ആവർത്തനങ്ങൾ രാഹുൽ ഗാന്ധി എന്ന കോൺഗ്രസ് പ്രസിഡന്റിന് ആരോഗ്യകരമാകില്ല. ശക്തമായൊരു പ്രതിപക്ഷത്തെയും പ്രതിപക്ഷ നേതാവിനെയുമാണ് കോൺഗ്രസുകാരല്ലാവരും യുവാക്കളും രാഹുലിൽ നിന്നു പ്രതീക്ഷിക്കുന്നത്.
ഒന്നര വർഷം മാത്രം അകലെ നിൽക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പു തന്നെയാണ് പാർട്ടി അധ്യക്ഷൻ എന്ന നിലയിൽ രാഹുലിനെ പ്രതീക്ഷിച്ചു നിൽക്കുന്ന ഏറ്റവും വലിയ വെല്ലുവിളി. അതിനിടെ ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ബിജെപിയെ ഞെട്ടിക്കുന്ന വിധത്തിൽ കോൺഗ്രസിനു ഒരു വീണ്ടെടുപ്പും മുന്നേറ്റവും ഉണ്ടായാൽ അതു കൂടുതൽ കരുത്തു പകരും. ഗുജറാത്തിൽ കോൺഗ്രസിനുണ്ടാകുന്ന ഏതു ചെറിയ മുന്നേറ്റവും രാഹുൽ ഗാന്ധിക്ക് അവകാശപ്പെട്ടതാണെന്ന് നിസംശയം പറയാം.
ബി.ജെ.പി അധികാരത്തിൽ എത്തിയതിനു ശേഷം സി.പി.എം ഉൾപ്പടെ 17 പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ചിരിക്കുന്ന സാഹചര്യവും രാജ്യത്ത് രാഹുലിന് അനൂകൂല സാധ്യതകൾ ഉണ്ടാക്കുന്നുണ്ട്. ബിഹാറിൽ നിതീഷ് കുമാർ ബി.ജെ.പി പക്ഷത്തേക്കു ചാഞ്ഞതോടെ ഇടഞ്ഞു നിൽക്കുന്ന ശരദ് യാദവും, സി.പി.എമ്മും, പശ്ചിമ ബംഗാളിൽ നിന്നു മമതാ ബാനർജിയും തൃണമൂൽ കോൺഗ്രസും ഒരു മോഡി വിരുദ്ധ തരംഗം രാജ്യവ്യാപകമായി നിർമിച്ചെടുക്കാൻ രാഹുലിന്റെ ഒപ്പം നിൽക്കുമെന്നാണു പ്രതീക്ഷ. ഈ സാഹചര്യത്തെ അസാധാരണ അവസരമായി കണ്ട് രാഹുലും കോൺഗ്രസും എത്രത്തോളം പ്രായോഗികമായി വിനിയോഗിക്കുന്നു എന്നതും ശ്രദ്ധേയമാകും.
ബി.ജെ.പിയേയും മോഡിയേയും മുഖ്യ ശത്രുവായി കണ്ട് കോൺഗ്രസ് നടത്തുന്ന രാഷ്ട്രീയ യുദ്ധത്തിൽ ഗുജറാത്ത് തെരഞ്ഞെടുപ്പിലൂടെ രാഹുൽ വളരെ സജീവമായിട്ടുണ്ട്. കുറിക്കു കൊള്ളുന്ന ചോദ്യങ്ങളും മറുപടികളും നൽകി പുതുതലമുറ യുഗത്തിൽ രാഹുൽ വളരെ മുന്നേറുകയും ചെയ്തു. നിലവിൽ രാഹുൽ അധ്യക്ഷ സ്ഥാനത്തേക്ക് വരുന്നതിൽ കോൺഗ്രസിൽ അടിമുടി മാറ്റങ്ങൾക്കു വഴിയൊരുക്കുമെന്നാണു വിലയിരുത്തൽ.
ഗുജറാത്ത് തെരഞ്ഞെടുപ്പു സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് നേരിട്ട് ഏറ്റുമുട്ടി രാഹുൽ ഗാന്ധി ഏറെ സജീവമായി നിൽക്കുന്ന സമയത്താണു പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനത്തേക്കെത്തുന്നതെന്നത് ഏറെ ശ്രദ്ധേയമാണ്. രാഹുലിന്റെ പിതാവ് രാജീവ് ഗാന്ധിയുടെ മരണശേഷം മുൻപ്രധാനമന്ത്രി നരസിംഹ റാവുവും സീതാറാം കേസരിയും പാർട്ടി പ്രസിഡന്റുമാരായെങ്കിലും കോൺഗ്രസിനെ ശക്തിപ്പെടുത്തുക എന്ന ആവശ്യം ശക്തമായതോടെയാണ് സോണിയ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്കെത്തിയത്. ഏറ്റവും കൂടുതൽ കാലം ആ പദയിവിലിരുന്ന വ്യക്തിത്വം എന്ന ബഹുമതിയോടൊണ് 72-ാം വയസിലേക്കു കടന്ന സോണിയ പാർട്ടിയുടെ കടിഞ്ഞാൺ 47കാരനായ രാഹുലിനു കൈമാറുന്നത്.
ബി.ജെ.പി ഉൾപ്പടെ വിമർശകരും എതിരാളികളും ആരോപിക്കുന്നതിനപ്പുറം കുട്ടിത്തം പാടേ മാറിയ രാഹുലിനെയാണ് ഏറ്റവും അടുത്ത കാലത്ത് രാജ്യം കണ്ടും കേട്ടുകൊണ്ടുമിരിക്കുന്നത്. രാഹുൽ കോൺഗ്രസിന്റെ പ്രിയപ്പെട്ടവൻ എന്ന മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ വാക്കുകളും കുട്ടിത്തത്തോടുള്ള വാത്സ്യലമായല്ല, മറിച്ചു പക്വതയാർന്ന ഒരാൾ തങ്ങളെ നയിക്കുന്ന എന്ന തിരിച്ചറിവായാണു വായിച്ചെടുക്കേണ്ടത്.