ന്യൂദൽഹി-മൊബൈൽ ഫോണും ടിവിയും അടക്കം നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളുടെ അടിസ്ഥാന കസ്റ്റംസ് നികുതി കേന്ദ്ര സർക്കാർ വർധിപ്പിച്ചു. ഇതോടെ ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങൾക്ക് വിലയേറും. ആഭ്യന്തര ഉൽപ്പാദന രംഗത്ത് ഉണർവ്വുണ്ടാക്കാൻ ലക്ഷ്യമിട്ടാണിത്. ജിഎസ്ടി വരുമാനത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇടിവും ഈ സാമ്പത്തിക വർഷം ലക്ഷ്യമിട്ട വരുമാനം നേടാനാകുമോ എന്ന ആശങ്കകൾക്കിടെയാണ് ഈ നികുതി വർധന.
മൊബൈൽ ഫോണുകളുടെ കസ്റ്റംസ് നികുതി 10 ശതമതാനത്തിൽ നിന്ന് 15 ശതമാനമാക്കിയാണ് വർധിപ്പിച്ചത്. ഈ വർഷം ഇതു രണ്ടാം തവണയാണ് വർധന. ജൂണിലാണ് 10 ശതമാനമാക്കി വർധിപ്പിച്ചത്. ഈ വർധനയോടെ ഇറക്കുമതി ചെയ്യുന്ന മൊബൈൽ ഫോണുകൾക്ക് വിലയേറും. ഇന്ത്യയിൽ മൊബൈൽ ഫോൺ നിർമ്മിക്കുന്ന കമ്പനികൾക്ക് നേട്ടമാകുകയും ചെയ്യും.
ടിവി, പ്രൊജക്ടർ, വാട്ടർ ഹീറ്റർ എന്നീ ഉപകരണങ്ങളുടെ നികുതിയും വർധിപ്പിച്ചു. ടിവി, ക്യാമറ, വീഡിയോ ക്യാമറ എന്നിവയുടെ നികുതി 10ൽ നിന്ന് 15 ശതമാനമാക്കിയാണ് വർധിപ്പിച്ചത്. മോണിറ്ററുകളുടേയും പ്രൊജക്ടറുകളുടേയും നികുതി ഇരട്ടിയായി വർധിപ്പിച്ച് 20 ശതമാനമാക്കി. വാട്ടർ ഹീറ്ററിന്റേതും മൈക്രോവേവ് അവൻ, എൽ.ഇ.ഡി വിളക്കുകൾ എന്നിവയുടേതും 20 ശതമാനമാക്കി വർധിപ്പിച്ചു.
വരുമാനക്കമ്മി കുറക്കാൻ ലക്ഷ്യമിട്ടുള്ളതാണ് സർക്കാരിന്റെ ഈ നീക്കമെന്ന് വ്യവസായ രംഗത്തെ പ്രമുഖർ പറയുന്നു. അതേസമയം ഈ ഉൽപ്പന്നങ്ങളുടെ ജിഎസ്ടിയിൽ ഈയിടെ സർക്കാർ വരുത്തിയ ഇളവുകൾ തിരിച്ചുപിടിക്കാനാണ് ഇപ്പോഴത്തെ നികുതി വർധനയെന്നും ഒരു വിഭാഗം വ്യവസായികൾ പറയുന്നു.