ന്യൂദല്‍ഹി- പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 14,000 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തി മുങ്ങിയ കോടീശ്വരനായ വജ്ര വ്യവസായി നീരവ് മോഡിയെ ഇന്ത്യയ്ക്കു കൈമാറാനുള്ള ഉത്തരവില്‍ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേല്‍ ഒപ്പുവച്ചു. ഇതോടെ നീരവിനെ ഇന്ത്യയിലേത്തിക്കാനുള്ള ശ്രമത്തില്‍ വലിയൊരു തടസ്സം നീങ്ങി. അതേസമയം ഈ അനുമതിക്കെതിരെ ബ്രിട്ടീഷ് ഹൈക്കോടതിയെ സമീപിക്കാന്‍ 28 ദിവസത്തെ സമയം നീരവ് മോഡിക്കുണ്ട്. നീരവ് മോഡി കോടതിയെ സമീപിച്ചാല്‍ ഇന്ത്യയ്ക്ക് കൈമാറുന്ന നടപടികള്‍ മാസങ്ങളോ ഒരു പക്ഷേ വര്‍ഷങ്ങളോ ഇനിയും നീണ്ടേക്കാം.
നേരത്തെ വെസ്റ്റ്മിനിസ്റ്റര്‍ കോടതിയും നീരവിനെ ഇന്ത്യയ്ക്കു വിട്ടുനല്‍കുന്നതിന് അനുമതി നല്‍കിയിരുന്നു. നീരവിനെ ഇന്ത്യയിലെത്തിച്ച് അറസ്റ്റ് ചെയ്ത് കേസില്‍ വിചാരണ ചെയ്യാനാണ് ഇന്ത്യന്‍ ഏജന്‍സികള്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്നത്. ഇന്ത്യയ്ക്കു കൈമാറുന്നത് തടയണമെന്നും ഇന്ത്യയിലെ ജയിലുകള്‍ മോശം അവസ്ഥയിലാണെന്നും തന്റെ മാനസികാരോഗ്യ നില മോശമായിക്കൊണ്ടിരിക്കുകയാണെന്നും നീരവ് കോടതില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് കോടതി തള്ളുകയായിരുന്നു.