Sorry, you need to enable JavaScript to visit this website.

ഒസിഐ കാര്‍ഡ് പുതുക്കല്‍ ലളിതമാക്കി കേന്ദ്ര സര്‍ക്കാര്‍; പ്രവാസികള്‍ക്ക് നേട്ടം

ന്യൂദല്‍ഹി- ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒസിഐ) കാര്‍ഡുകള്‍ പുതുക്കി നല്‍കുന്ന നടപടിക്രമങ്ങളില്‍ ലളിതമാക്കി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ദ്ദേശം അനുസരിച്ചാണ് ഒസിഐ കാര്‍ഡ് പുതുക്കാനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കാന്‍ തീരുമാനം കൈക്കൊണ്ടത്.ഒസിഐ കാര്‍ഡ് ഇന്ത്യന്‍ വംശജരായ വിദേശ പൗരന്‍മാര്‍ക്കും, ഇന്ത്യന്‍ പൗരന്‍മാരുടെ വിദേശീയരായ കുടുംബാംഗങ്ങള്‍ക്കും ഏറെ സഹായകരമാണ്. ഇന്ത്യയില്‍ തടസങ്ങള്‍ കൂടാതെ പ്രവേശിക്കാനും, പരിധിയില്ലാതെ താമസിക്കാനും ഒസിഐ കാര്‍ഡ് അനുമതി നല്‍കുന്നു. ഇതുവരെ 37.72 ലക്ഷം ഒസിഐ കാര്‍ഡുകളാണ് ഇന്ത്യാ ഗവണ്‍മെന്റ് നല്‍കിയിരിക്കുന്നത്.
ഒസിഐ കാര്‍ഡ് ഇന്ത്യയില്‍ പ്രവേശിക്കാനും, താമസിക്കാനും അവസരം നല്‍കുന്ന ആജീവനാന്ത വിസയ്ക്ക് തുല്യമാണ്. മറ്റ് വിദേശികള്‍ക്ക് ലഭ്യമല്ലാത്ത പല ആനുകൂല്യങ്ങളും ഒസിഐ കാര്‍ഡുകാര്‍ക്ക് ലഭിക്കും. നിലവിലെ നിയമപ്രകാരം 20 വയസ് വരെയുള്ളവര്‍ക്ക് പുതിയ പാസ്‌പോര്‍ട്ട് ലഭിക്കുന്ന ഓരോ തവണയും ഒസിഐ കാര്‍ഡ് പുതുക്കണം. 50 വയസിന് ശേഷം ഒരു തവണ മാത്രം പുതുക്കിയാല്‍ മതി.
ഒസിഐ കാര്‍ഡ് ഹോള്‍ഡേഴ്‌സിന് കാര്യങ്ങള്‍ എളുപ്പമാക്കാന്‍ ഈ നിബന്ധനകളിലാണ് ഇളവ് വരുന്നത്. 20 വയസിന് മുന്‍പ് ഒസിഐ കാര്‍ഡ് രജിസ്‌ട്രേഷന്‍ നേടിയ ഒരു വ്യക്തി, 20 വയസിന് ശേഷം പുതിയ പാസ്‌പോര്‍ട്ട് നേടുമ്പോള്‍ ഒരു തവണ മാത്രം ഒസിഐ കാര്‍ഡ് പുതുക്കിയാല്‍ മതി. മുതിര്‍ന്ന വ്യക്തിയില്‍ വന്ന ഫേഷ്യല്‍ ഫീച്ചറുകള്‍ രേഖപ്പെടുത്താനാണിത്.
20 വയസിന് ശേഷം ഒസിഐ കാര്‍ഡ് രജിസ്‌ട്രേഷന്‍ എടുത്തവര്‍ക്ക് ഒസിഐ കാര്‍ഡ് പുതുക്കേണ്ട കാര്യമില്ല. ഒസിഐ ഹോള്‍ഡര്‍ പുതിയ പാസ്‌പോര്‍ട്ട് നേടുമ്പോള്‍ ഒസിഐ പോര്‍ട്ടലില്‍ ഫോട്ടോയുള്ള പാസ്‌പോര്‍ട്ടിന്റെ കോപ്പി അപ്‌ഡേറ്റ് ചെയ്യണം. 20 വയസ് വരെ പുതിയ പാസ്‌പോര്‍ട്ട് ഇഷ്യു ചെയ്യുന്ന ഓരോ തവണയും, 50 വയസിന് ശേഷം ഒരു തവണയും ഈ വിധം അപ്‌ലോഡ് ചെയ്താല്‍ മതി.
എംഎച്ച്എ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, പുതിയ പാസ്‌പോര്‍ട്ട് ലഭിച്ച് മൂന്ന് മാസത്തിനുള്ളില്‍ ഈ രേഖകള്‍ ഒസിഐ കാര്‍ഡ് ഉടമകള്‍ക്കോ പങ്കാളിയ്‌ക്കോ അപ്‌ലോഡുചെയ്യാം. വിശദാംശങ്ങള്‍ സിസ്റ്റത്തില്‍ അപ്‌ഡേറ്റുചെയ്യുകയും അപ്‌ഡേറ്റുചെയ്ത വിശദാംശങ്ങള്‍ റെക്കോര്‍ഡുചെയ്തുവെന്ന് അറിയിച്ചുകൊണ്ട് ഒരു ഇമെയില്‍ ലഭിക്കുകയും ചെയ്യും.

Latest News