ന്യുദൽഹി- മൂന്ന് ത്വലാഖ് ഒന്നിച്ചു ചൊല്ലി വിവാഹ മോചനം നടത്തുന്ന സമ്പ്രദായം വിലക്കുന്ന മുസ്‌ലിം സ്ത്രീകളുടെ വിവാഹാവകാശ സംരക്ഷണ ബില്ല്-2017, കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. ഈ മാസം ആദ്യം സംസ്ഥാനങ്ങൾക്ക് അയച്ചു കൊടുത്ത കരട് ബില്ല് പ്രകാരം ഒന്നിച്ചുള്ള മുത്തലാഖ് ജാമ്യമില്ലാ കുറ്റമാണ്. മൂന്ന് വർഷം വരെ തടവു ശിക്ഷയാണ് ബില്ല് നിർദേശിക്കുന്നത്. മുത്തലാഖ് നിയമവിരുദ്ധമാക്കി സുപ്രീം കോടതി ഓഗസ്റ്റിൽ ഉത്തരവിട്ടതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നിയമം അവതരിപ്പിക്കുന്നത്.
വാക്കാലോ ഇമെയ്്‌ലിലോ, എസ്.എം.എസ്, വാട്‌സാപ്പ് തുടങ്ങി ഏതെങ്കിലും ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയോ ഉള്ള മുത്തലാഖും ഈ നിയമം വിലക്കുന്നുണ്ട്. കരടു ബില്ലിൽ അഭിപ്രായമാരാഞ്ഞ് ഡിസംബർ ഒന്നിന് എല്ലാ സംസ്ഥാനങ്ങൾക്കു ഇതു കേന്ദ്രം അയച്ചു കൊടുത്തിരുന്നു. ഡിസംബർ 10നം മറുപടി നൽകണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്. അസാം, ജാർഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂർ, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ കരട് ബില്ലിനെ പിന്തുണച്ചു.
ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭാ സമിതിയാണ് കരട് ബില്ല് തയാറാക്കിയത്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി, നിയമ മന്ത്രി രവിശങ്കർ പ്രസാദ്, സഹമന്ത്രി പിപി ചൗധരി എന്നിവരായിരുന്നു സമിതിയിലെ മറ്റ് അംഗങ്ങൾ.
ഈ കരടു നിയമപ്രകാരം മുത്തലാഖിന് ഇരയാകുന്ന സ്ത്രീകൾക്ക് പൊലീസിൽ പരാതി നൽകിയ ശേഷം മജിസ്‌ട്രേറ്റിനെ സമീപിച്ച് പ്രായപൂർത്തിയാകാത്ത മക്കളെ കൂടെ കൂട്ടാനുള്ള അവകാശവും ഭർത്താവിൽ നിന്ന് ജീവനാംശവും അവകാശപ്പെടാൻ കഴിയും.