ന്യൂദൽഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മറ്റൊരു പച്ചക്കള്ളം കൂടി പൊളിയുന്നു. കഴിഞ്ഞ ദിവസം കമ്മീഷൻ ചെയ്ത ഇന്ത്യൻ നാവിക സേനയുടെ പ്രഥമ സ്‌കോർപീൻ ക്ലാസ് അന്തർവാഹിനി കപ്പലായ ഐ.എൻ.എസ് കൽവരി കേന്ദ്ര സർക്കാരിന്റെ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ വിജയത്തിന്റെ മികച്ച ഉദാഹരമാണെന്നായിരുന്നു മോഡിയുടെ അവകാശവാദം. പ്രതിരാധ മന്ത്രി നിർമ്മലാ സീതാരാമനും ഇതേ വാദമുന്നയിച്ച് നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ ഈ വാദം വസ്തുകൾ പുറത്തു കൊണ്ടു വന്ന് പൊളിച്ചടുക്കിയിരിക്കുകയാണ് വ്യാജ വാർത്തകളെ കണ്ടെത്തുന്ന പ്രമുഖ വെബ്‌സൈറ്റായ ഓൾട്ട് ന്യൂസ്.
മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരത്തിലേറിയത് 2014ലാണ്. അതിനു ശേഷമാണ് ഇന്ത്യയിൽ ആഭ്യന്തര ഉൽപ്പാദന രംഗം മെച്ചപ്പെടുത്തുന്നതിനു ലക്ഷ്യമി്ട്ടുള്ള മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി സർക്കാർ അവതരിപ്പിക്കുന്നത്. അതേസമയം ഐ.എൻ.എസ് കൽവരിയുടെ നിർമ്മാണം ആരംഭിക്കുന്നത് 2006 ഡിസംബറിലാണ്. എം.ഡി.എൽ യാർഡ് 11875 എന്ന താൽക്കാലിക പേരിലായിരുന്നു തുടക്കം. ഈ അന്തർവാഹിനിയുടെ സുപ്രധാന അഞ്ചു ഭാഗങ്ങൾ തമ്മിൽ കൂട്ടിയോജിപ്പിക്കുന്ന ബൂട്ട് റ്റുഗെതർ നടന്നത് 2014 ജൂലൈ 30ന്. പിന്നീട് 2015 ഒക്ടോബറിൽ ഐ.എൻ.എസ് കൽവരി എന്ന നാമകരണം ചെയ്തു അന്തർവാഹിനി അവതരിപ്പിച്ചു. 2016 മേയ് ഒന്നിനാണ് കടലിലിറക്കി പരീക്ഷണയോട്ടം നടത്തി തുടങ്ങിയത്. പിന്നീട് ഈ വർഷം സെപ്തംബർ 21നാണ് ഈ അന്തർവാഹിനി നിർമ്മിച്ച മുംബൈക്കടുത്ത മസഗാവ് ഡോക്ക്‌സ് ലിമിറ്റഡ് ഇന്ത്യൻ നാവിക സേനയ്ക്ക് കൈമാറിയത്. ഒടുവിൽ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഇതു കമ്മീഷൻ ചെയ്തു.
പ്രൊജക്ട് 75 എന്ന പേരിൽ ഇന്ത്യയിൽ നിർമ്മിക്കുന്ന സ്‌കോർപീൻ വിഭാഗത്തിലുള്ള ആറ് അന്തർവാഹിനി ആക്രമണ കപ്പലുകളിൽ ആദ്യത്തേതാണിത്. ഫ്രഞ്ച് പ്രതിരോധ കമ്പനിയായ ഡി.സി.എൻ.എസ് ആണ് ഈ കപ്പലുകൽ രൂപകൽപ്പന ചെയ്തിട്ടുള്ളത്. ഫ്രാൻസും ഇന്ത്യയും തമ്മിലുള്ള സാങ്കേതിക വിദ്യാ കൈമാറ്റ കരാറിന്റെ ഭാഗമായാണിത്. 2005ലാണ് ഫ്രാൻസുമായി ഇന്ത്യ ഈ കരാറിലൊപ്പിട്ടത്. ഈ കരാർ ഉള്ളത് കൊണ്ടാണ് ഇന്ത്യൻ കമ്പനിക്ക് ഈ കപ്പൽ നിർമ്മിക്കാൻ അവസരമൊരുങ്ങിയത്. ഈ കരാറാണ് ഇന്ത്യയിലെ തദ്ദേശീയ പ്രതിരോധ ഉൽപ്പാദന രംഗത്ത് മുന്നേറ്റത്തിനിടയാക്കിയത്.
ഇതാണ് 2014ൽ സെപ്തംബറിൽ അവതരിപ്പിച്ച മെയ്ക്ക് ഇൻന്ത്യയുടെ വിജയമായി പ്രധാമനന്ത്രി വ്യാജ അവകാശവാദമുന്നയിച്ചത്. കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക പത്രകുറിപ്പിലും ഈ പൊള്ളയായ വാദം ഉണ്ടായിരുന്നു. മാധ്യമങ്ങളെല്ലാം ഇതേറ്റു പിടിക്കുകയും ചെയ്തു.