റിയാദ് - സൗദി തലസ്ഥാനത്തെ അല്‍സുലൈ ഡിസ്ട്രിക്ടില്‍ വളര്‍ത്തു സിംഹത്തിന്റെ ആക്രമണത്തില്‍ സൗദി യുവാവിന് ദാരുണാന്ത്യം. 25 വയസ് പ്രായമുള്ള അബ്ദുറഹ്മാന്‍ ആണ് കൊല്ലപ്പെട്ടത്.
സ്വന്തം ഉടമസ്ഥതയിലുള്ള ഇസ്തിറാഹയില്‍ വളര്‍ത്തുന്ന സിംഹം യുവാവിനെ കടിച്ചുകീറുകയായിരുന്നു. സിംഹത്തിന്റെ പിടുത്തത്തില്‍ നിന്ന് രക്ഷപ്പെടാന്‍ യുവാവിന് സാധിച്ചില്ല. സംഭവത്തെ കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാ വകുപ്പുകള്‍ എത്തി സിംഹത്തെ വെടിവെച്ചു കൊന്നാണ് കൂര്‍ത്ത ദ്രംഷ്ടങ്ങളില്‍നിന്ന് സൗദി പൗരനെ വേര്‍പ്പെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ യുവാവ് അപ്പോഴേക്കും മരിച്ചിരുന്നു.
കിഴക്കന്‍ റിയാദിലെ ഇസ്തിറാഹയില്‍ യുവാവ് ഏതാനും വന്യമൃഗങ്ങളെ വളര്‍ത്തുന്നുണ്ട്. വ്യാഴാഴ്ച വൈകീട്ട് ഇസ്തിറാഹയില്‍ പ്രവേശിച്ച് കൂട്ടില്‍ നിന്ന് പുറത്തിറക്കി കളിപ്പിക്കുന്നതിനിടെ യുവാവിനെ സിംഹം ആക്രമിക്കുകയായിരുന്നു. നാലു വയസ് പ്രായമുള്ള സിംഹമാണ് അപ്രതീക്ഷിതമായി ഉടമയെ തന്നെ ആക്രമിച്ച് കൊലപ്പെടുത്തിയത്. സൗദിയില്‍ വന്യമൃഗങ്ങളെ വളര്‍ത്തുന്നതും ഇറക്കുമതി ചെയ്യുന്നതുമെല്ലാം നിയമ ലംഘനമാണ്. നിയമ ലംഘകര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് ദേശീയ വന്യജീവി കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.