കൊളറാഡോ- ലോകത്തൊട്ടാകെ സര്‍വനാശം വിതച്ച കൊറോണ വൈറസ് പ്രധാനമായും വായുവിലൂടെയാണ് പടരുന്നതെന്ന് പുതിയ പഠനം മുന്നറിയിപ്പ് നല്‍കുന്നു. കോവിഡ് 19ന് കാരണമാകുന്ന സാര്‍സ്-കോവ്-2 വൈറസ് കൂടുതലായി വായുവിലൂടെയാണ് പടരുന്നത് എന്നതിന് ശക്തമായ തെളിവുകള്‍ ലഭിച്ചതായി മുന്‍നിര മെഡിക്കല്‍ ജേണലായ ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച പുതിയ വിശകലന പഠനം പറയുന്നു. മനുഷ്യര്‍ തമ്മിലുള്ള സമ്പര്‍ക്കത്തിലൂടെയും അടുത്തിടപഴകുന്നതിലൂടെയുമാണ് കോവിഡ് കാര്യമായി പടരുന്നതെന്നാണ് നിലവിലെ മുന്നറിയിപ്പ്.
വായുവിലൂടെയുള്ള വൈറസ് വ്യാപനം തടയുന്നതിലുള്ള വീഴ്ചകള്‍ കുടൂതല്‍ പേരിലേക്ക് വൈറസ് പടരാന്‍ വഴിയൊരുക്കുന്നുവെന്നും ബ്രിട്ടന്‍, യുഎസ്, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള ആറു വിദഗ്ധരടങ്ങിയ പഠന സംഘം പറയുന്നു. വായുവിലൂടെ കൊറോണ വൈറസ് പടരുന്നതിന് ശക്തമായ തെളിവുകളുണ്ടെന്നും വലിയ തുള്ളികളിലൂടെ പടരുന്നതിന് കാര്യമായ തെളിവില്ലെന്നും യൂണിവേഴ്‌സിറ്റി ഓഫ് കൊളറാഡോ ബൗള്‍ഡറിലെ കെമിസ്റ്റ് ജോസ് ലൂയി ജിമെനസ് പറയുന്നു.
പുതിയ തെളിവുകള്‍ കണക്കിലെടുത്ത് ലോകാരോഗ്യ സംഘടനയും പൊതുജനാരോഗ്യ സംരക്ഷണ ഏജന്‍സികളും വായുവിലൂടെ കോവിഡ് പടരുന്നത് തടയാനുള്ള പ്രതിരോധ നടപടികളിലേക്ക് അടിയന്തരമായി ശ്രദ്ധകേന്ദ്രീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയിലെ ത്രിഷ് ഗ്രീന്‍ഹാലയുടെ നേതൃത്വത്തിലാണ് പുതിയ പഠനം നടന്നത്. പ്രധാനമായും വായുവിലൂടെയാണ് കോവിഡ് പടരുന്നത് എന്നതിന് 10 വിവിധ തെളിവുകളാണ് സംഘത്തിന് ലഭിച്ചത്. സൂപ്പര്‍ സ്‌പ്രെഡര്‍ ആകുന്ന പരിപാടികളാണ് ഇതിലൊന്ന്. ഒരു പരിപാടിക്കെത്തുന്ന ഒരാളില്‍ നിന്ന് നിരവധി പേരിലേക്ക് പടരുന്ന സാഹചര്യത്തില്‍ വായുവിലൂടേയും വൈറസ് പടരാന്‍ സാധ്യതയുണ്ടെന്ന് പഠനം സൂചിപ്പിക്കുന്നു. ഇത് സ്പര്‍ശനത്തിലൂടെ തന്നെ ആയിരിക്കണം എന്നുമില്ല.
പ്രത്യക്ഷ ലക്ഷണങ്ങളില്ലാത്ത നിശബ്ദ വൈറസ് ബാധിതര്‍ വഴിയാണ് മൊത്തം രോഗ വ്യാപനത്തിന്റെ 40 ശതമാനവും സംഭവിച്ചതെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ലോകത്തൊട്ടാകെ വൈറസ് പടരുന്നതില്‍ ഈ നിശബ്ദ വ്യാപനം വലിയ ഘടകമായിരുന്നു.