മുംബൈ- മഹാരാഷ്ട്രയിലെ മാലെഗാവില്‍ 2006-ലുണ്ടായ സ്ഫോടനം അന്വേഷിച്ച എന്‍.ഐ.എയുടെ കണ്ടെത്തല്‍ സി.ബി.ഐ, മഹാരാഷ്ട്ര എ.ടി.എസ് എന്നീ ഏജന്‍സികളുടെ കണ്ടെത്തലുകളില്‍നിന്ന് വ്യത്യസ്തമായത് എങ്ങനെ എന്ന് മുംബൈ ഹൈക്കോടതി.
കേസില്‍ അറസ്റ്റിലായ ഒമ്പത് മുസ്ലിംകളെ എന്‍ഐഎ കുറ്റവിമുക്തരാക്കുകയും സ്ഫോടനത്തില്‍ പിന്നില്‍ ഹിന്ദുത്വ തീവ്രവാദ സംഘടനയാണെന്നും കണ്ടെത്തിയിരുന്നു. നാലു പേര്‍ക്കെതിരെ കുറ്റപത്രം നല്‍കുകയും ചെയ്തു. കേസ് ആദ്യം അന്വേഷിച്ച മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേന (എടിഎസ്)യാണ് ഒമ്പത് മുസ്ലിംകളെ അറസ്റ്റ് ചെയ്തത്. പിന്നീട് ഒരു വര്‍ഷത്തിനു ശേഷം അന്വേഷണം ഏറ്റെടുത്ത സിബിഐയും എടിഎസിന്റെ കണ്ടെത്തല്‍ ശരിവെക്കുകയായിരുന്നു. എന്നാല്‍ 2011-ല്‍ അന്വേഷണം ഏറ്റെടുത്ത എന്‍ഐഎയുടെ കണ്ടെത്തല്‍ ഇതില്‍ നിന്നും വ്യത്യസ്തമാകുകയും പുതിയ പ്രതികള്‍ക്കെതിരെ കുറ്റപത്രം നല്‍കുകയും ചെയ്തത് എങ്ങനെ എന്നാണ് കോടതി ആരാഞ്ഞത്.
കേസില്‍ എന്‍ ഐ ഐ പ്രതി ചേര്‍ത്ത നാല് ഹിന്ദുത്വ തീവ്രവാദ സംഘടനാ പ്രവര്‍ത്തകരും മഹാരാഷ്ട്ര സര്‍ക്കാരും എന്‍ ഐ എ അന്വേഷണത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഈ ചോദ്യം ഉന്നയിച്ചത്. പ്രതികളായ മനോഹര്‍ നര്‍വാഡിയ, രാജേന്ദ്ര ചൗധരി, ധന്‍ സിങ്, ലോകേശ് ശര്‍മ എന്നിവര്‍ വിചാരണ കോടതി തങ്ങളുടെ ജാമ്യം നിഷേധിച്ചതിനെതിരേയും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയിലെ നാസിക്കിനടുത്തുള്ള മുസ്ലിം ജനസംഖ്യ ഏറെയുള്ള മാലെഗാവിലെ ഹാമിദിയ പള്ളിക്കടുത്താണ് 2006-ല്‍ സ്ഫോടനമുണ്ടായത്. 37 പേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കേസന്വേഷണം ഏറ്റെടുത്ത എടിഎസ് നൂറുല്‍ ഹുദ, റഈസ് അഹമദ്, സല്‍മാന്‍ ഫാരിസി, ഫാറുഖ് മഖ്ദൂമി, ശൈഖ് മുഹമ്മദ് അലി, ആസിഫ് ഖാന്‍, മുഹമ്മദ് സാഹിദ്, അബ്റാര്‍ അഹമദ്, ശബീര്‍ മസിഉല്ല ബാറ്ററിവാല എന്നീവരെ അറസ്റ്റ് ചെയ്തിരുന്നു. 2016 ഏപ്രിലിലാണ് പ്രത്യേക എന്‍ഐഎ വിചാരണ കോടതി ഇവര്‍ കുറ്റക്കാരല്ലെന്നു കണ്ടെത്തി വെറുതെ വിട്ടത്.