ന്യൂദല്‍ഹി- സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കാന്‍ ആധാര്‍ ബന്ധിപ്പിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനു സ്റ്റേ ഇല്ല. അതേസമയം, ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി 2018 മാര്‍ച്ച് 31 വരെ നീട്ടി സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടു.
ബാങ്ക് അക്കൗണ്ട് തുറക്കുമ്പോള്‍ ആധാര്‍ കൈവശമില്ലെങ്കില്‍ ആധാര്‍ അപേക്ഷ നല്‍കിയതായി തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിച്ചാല്‍ മതിയെന്നും കോടതി വ്യക്തമാക്കി. നിലവില്‍ അക്കൗണ്ടുള്ളവര്‍ മാര്‍ച്ച് 31നകം ഇത് ആധാറുമായി ബന്ധിപ്പിക്കണം. ഫെബ്രുവരി ആറുവരെയാക്കിയിരുന്ന മൊബൈല്‍ നമ്പര്‍ ആധാര്‍ ബന്ധിപ്പിക്കല്‍ തീയതിയും മാര്‍ച്ച് 31 വരെ നീട്ടിയിട്ടുണ്ട്.
ബാങ്ക് അക്കൗണ്ട്, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍, പാന്‍ കാര്‍ഡ്, മൊബൈല്‍ ഫോണ്‍ കണക്ഷന്‍ തുടങ്ങിയവക്കാണ് കേന്ദ്രസര്‍ക്കാര്‍ ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കി ഉത്തരവിറക്കിയത്. ഇതു ചോദ്യം ചെയ്തുള്ള ഹരജികളിലാണ് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്.
ആധാര്‍ നമ്പറും പാന്‍ നമ്പറും ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി 2018 മാര്‍ച്ച് 31വരെ നീട്ടിയതായി കേന്ദ്ര ധനമന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പുതുതായി അക്കൗണ്ട് തുടങ്ങുന്നവര്‍ ആറു മാസത്തിനകം ആധാര്‍, പാന്‍ നമ്പറുകള്‍ ലഭ്യമാക്കണമെന്നുമാണു സര്‍ക്കാര്‍ അറിയിച്ചത്. ബോര്‍ഡ് പരീക്ഷകള്‍, സ്‌കോളര്‍ഷിപ്പ്, ഉച്ചഭക്ഷണ പദ്ധതി, സംസ്‌കാരം, ഉന്നതപഠനം, യുജിസി പരീക്ഷകള്‍ ഇവയ്‌ക്കെല്ലാം ആധാര്‍ നിര്‍ബന്ധമാക്കിയിരുന്നു.
കേസില്‍ ജനുവരി 17 മുതല്‍ വിശദമായ വാദം കേള്‍ക്കുമെന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. ചീഫ് ജസ്റ്റിസിനു പുറമേ, ജഡ്ജിമാരായ എ.കെ.സിക്രി, എ.എം.ഖാന്‍വില്‍ക്കര്‍, ഡി.വൈ.ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവരുമുള്‍പ്പെട്ട ബെഞ്ചാണു ഹരജികള്‍ പരിഗണിച്ചതും ഇടക്കാല ഉത്തരവ് നല്‍കിയതും.