Sorry, you need to enable JavaScript to visit this website.

ആഗ്ര ജുമാഅത്ത് പള്ളിയ്ക്ക് ചുവട്ടിലും കൃഷ്ണ  വിഗ്രഹമുണ്ടെന്ന് സംശയം, കോടതിയില്‍ ഹരജി 

ലഖ്‌നൗ- ഹിന്ദി ഹൃദയഭൂമിയായ ഉത്തര്‍പ്രദേശ് പിടിച്ചാല്‍ ഇന്ത്യ കൈവന്നുവെന്നാണ് രാഷ്ട്രീയക്കാരുടെ വിശ്വാസം. നിര്‍ണായകമായ യു.പി നിയമസഭാ തെരഞ്ഞെടുപ്പിന് അധികം കാത്തിരിക്കേണ്ടതില്ല. സാമ്പത്തിക തകര്‍ച്ച, തൊഴിലില്ലായ്മ, മഹാമാരി എന്നിങ്ങനെ നെഗറ്റീവകളാണ് സര്‍വത്ര. എളുപ്പം ജയിച്ചു കയറാന്‍ രാമനോ, കൃഷ്ണനോ തുണയ്ക്കണം. ആഗ്രയിലെ ജുമാ മസ്ജിദിന് കീഴില്‍ പണ്ട് കൃഷ്ണ വിഗ്രഹമുണ്ടായിരുന്നുവെന്നും അത് പരിശോധിച്ച് കണ്ടെത്തണമെന്നുമാണ് ഹരജി. വികാരങ്ങള്‍ക്ക് തീ പിടിച്ചു കിട്ടിയാല്‍ പണി എളുപ്പമായി. 
വാരണാസിയിലെ ഗ്യാന്‍വാപി പള്ളിയില്‍ പുരാവസ്തു വകുപ്പിന്റെ പരിശോധനയ്ക്ക് കോടതി അനുമതി നല്‍കിയതിന് പിന്നാലെയാണ്  ആഗ്ര ജുമാമസ്ജിദിന് താഴെ കൃഷ്ണന്റെ വിഗ്രഹമുണ്ടെന്ന് ആരോപിച്ച് പുതിയ ഹര്‍ജി. ലഖ്‌നൗ കേന്ദ്രമായുള്ള അഞ്ചുപേരാണ് ഹര്‍ജിക്കാര്‍. ഇവര്‍ക്ക് വേണ്ടി മഥുര കോടതിയില്‍ ഹാജരായത്  അഭിഭാഷകനായ ശൈലേന്ദ്ര സിങ് ആണ്. ഗ്യാന്‍വാപി മസ്ജിദ് നിര്‍മിച്ചത് ക്ഷേത്രം തകര്‍ത്തിട്ടാണ് എന്നായിരുന്നു ആദ്യ പരാതി. ഇക്കാര്യത്തിലെ സംശയം തീര്‍ക്കാനാണ് വാരണാസിയിലെ കോടതി പുരാവസ്തു പരിശോധനയ്ക്ക് ദിവസങ്ങള്‍ക്ക് മുമ്പ് അനുമതി നല്‍കിയത്. എന്നാല്‍ മഥുരയിലെ ജമന്‍സ്ഥാന്‍ ക്ഷേത്രം തകര്‍ക്കുകയും അവിടെയുള്ള കൃഷ്ണന്റെ വിഗ്രഹം എടുത്തുകൊണ്ടുവന്ന് ആഗ്ര ജുമാമസ്ദിന് താഴെ കുഴിച്ചിട്ടിട്ടുണ്ടെന്നുമാണ് പുതിയ പരാതിയില്‍ പറയുന്നത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നതിന് പുരാവസ്തു വകുപ്പിന്റെ ഭൂതല റേഡിയോളജി പരിശോധന വേണമെന്നുമാണ് മഥുര കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന പുതിയ ഹര്‍ജിയിലെ ആവശ്യം. 


 

Latest News