ന്യൂദല്‍ഹി- ജറൂസലമിനെ ഇസ്രായിലിന്റെ തലസ്ഥാനമായി അംഗീകരിച്ച യുഎസ് നടപടിയെ ഇന്ത്യ ശക്തമായി അപലപിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യയിലെ വിവിധ അറബ് രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികള്‍ വിദേശകാര്യ സഹ മന്ത്രിയുള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥരെ കണ്ടു.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തോടുള്ള ഇന്ത്യയുടെ പ്രതികരണം ഈ നീക്കത്തെ അപലപിക്കുന്ന തരത്തിലായിരുന്നില്ലെന്നും ഇതില്‍ വലിയ ആശങ്കയുണ്ടെന്നും അറബ് രാജ്യങ്ങളുടെ പ്രതിനിധികള്‍ സര്‍ക്കാരിനെ നേരിട്ട് അറിയിച്ചു.
സൗദി അറേബ്യയുടെ അംബാസഡര്‍ സൗദ് ബിന്‍ മുഹമ്മദ് അല്‍ സത്രിയുടെ നേതൃത്വത്തിലാണ് അറബ് നയതന്ത്രജ്ഞര്‍ വിദേശകാര്യ സഹമന്ത്രി എംജെ അക്ബറിനേയും മറ്റു ഉന്നത ഉദ്യോഗസ്ഥരേയും കണ്ടത്. ദല്‍ഹിയിലെ അറബ് അംബാസഡര്‍മാരുടെ ഡീന്‍ കൂടിയാണ് സത്രി. യുഎഇ, ഇറാഖ്, തുനീഷ്യ, മൊറോക്കോ, ഈജിപ്ത്, അള്‍ജീരിയ, സുഡാന്‍ എന്നീ രാജ്യങ്ങളുടേതുള്‍പ്പെടെ 10 അംബാഡര്‍മാരും നയതന്ത്ര ഉദ്യോഗസ്ഥരുമാണ് സംഘത്തിലുണ്ടായിരുന്നത്.
ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി തുടങ്ങി പല പാശ്ചാത്യ രാജ്യങ്ങളും ട്രംപിന്റെ നീക്കത്തെ അപലപിച്ചിരുന്നു. വിമര്‍ശനവുമായി യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസും പ്രതികരിച്ചിരുന്നു. അതേസമയം, ഫലസ്തീന്‍ സംബന്ധിച്ച തങ്ങളുടെ നയത്തില്‍ മാറ്റമില്ലെന്നും ഈ നിലപാടില്‍ മൂന്നാമൊതു രാജ്യത്തിന്റെ സ്വാധീനമില്ലെന്നും മാത്രമായിരുന്നു ഇന്ത്യയുടെ പ്രതികരണം. ജറൂസലം സംബന്ധിച്ച വിഷയം പരാമര്‍ശിക്കാതെയായിരുന്നു ഈ പ്രതികരണം.
ബ്രിട്ടനും ഫ്രാന്‍സും സ്വീകരിച്ച നിലപാടും അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രതികരണവും ഇന്ത്യ കണക്കിലെടുക്കണമെന്നും ഏഴു പതിറ്റാണ്ടു കാലമായി തുടരുന്ന നയം ഉറപ്പിച്ചു പറയണമെന്നും അറബ് അംബാഡര്‍മാര്‍ ആവശ്യപ്പെട്ടു. ജറൂസലം വിഷയത്തില്‍ ഇന്ത്യയുടേത് ആരേയും പിണക്കാത്ത സന്തുലിത നിലപാടായിരുന്നു. എന്നാല്‍ ട്രംപിന്റെ നീക്കമുണ്ടാക്കുന്ന പ്രത്യാഘാതം നീരീക്ഷിച്ച ശേഷം ഉറച്ച ഒരു നിലപാട് സ്വീകരിച്ചാല്‍ മതിയെന്നാണ് ഇന്ത്യയുടെ നീക്കമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു.