Sorry, you need to enable JavaScript to visit this website.

ഉമര്‍ ഖാലിദിന് ജാമ്യം, ആരോഗ്യ സേതു ആപ്പ് ഇന്‍സ്റ്റാല്‍ ചെയ്താല്‍ മതിയെന്ന് കോടതി

ന്യൂദല്‍ഹി- കഴിഞ്ഞ വർഷം ദല്‍ഹിയില്‍ മുസ്‌ലിംകള്‍ക്കെതിരെ നടന്ന വംശഹത്യാ കലാപവുമായി ബന്ധപ്പെട്ട കേസിലുള്‍പ്പെടുത്തി പോലീസ് ജയിലിലടച്ച വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിന് കോടതി ജാമ്യം അനുവദിച്ചു. ജാമ്യ വ്യവസ്ഥയായി ആരോഗ്യ സേതു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതിയെന്നും ജഡ്ജി വിനോദ് നിര്‍ദേശിച്ചു. മറ്റു പ്രതികളുമായി ഉമര്‍ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്ന പ്രോസിക്യൂഷന്‍ വാദവും കോടതി തള്ളി. പ്രഥമദൃഷ്ട്യാ തന്നെ ഇത് തെളിവ് സ്ഥിരീകരിക്കാന്‍ പര്യാപ്തമല്ലെന്ന് വ്യക്തമാണെന്നും കോടതി പറഞ്ഞു. 

കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചതാണ്. വിചാരണയ്ക്ക് കൂടുതല്‍ സമയം എടുക്കും. ഉമര്‍ 2020 ഒക്ടോബര്‍ ഒന്നു മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. കലാപക്കേസില്‍ ഉള്‍പ്പെട്ട മറ്റുള്ളവരെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനുമുണ്ടെന്ന കാരണം പറഞ്ഞ് ഉമറിനെ അനന്തമായി ജയിലില്‍ ഇടാന്‍ കഴിയില്ല- കോടതി ജാമ്യ ഉത്തരവില്‍ പറഞ്ഞു. ജാമ്യത്തിലിറങ്ങിയാല്‍ തെളിവു നശിപ്പിക്കാനോ സാക്ഷികളോ സ്വാധിനിക്കാനോ പാടില്ലെന്നും കോടതി ഉമറിന് നിര്‍ദേശം നല്‍കി.

കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ഉമര്‍ ഖാലിദിനെ യുഎപിഎ ചുമത്തി ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. ഉമറിനെ രാഷ്ട്രീയ പ്രതികാരത്തിന്റെ പേരിലും എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്താനും വേണ്ടിയാണ് കള്ളക്കേസില്‍ കുരുക്കി അറസ്റ്റ് ചെയ്തതെന്ന് ഉമറിന്റെ അഭിഭാഷകന്‍ പറഞ്ഞു.
 

Latest News