മലപ്പുറം- എന്റെ രക്തത്തിനായി വെൽഫെയർ പാർട്ടിക്കാരും സുഡാപ്പികളും സംഘ്പരിവാറും ലീഗിലെ സങ്കുചിത വിഭാഗക്കാരും ദാഹിച്ചുനടക്കുന്നതായി മന്ത്രി കെ.ടി ജലീൽ. ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പിലാണ് മന്ത്രി ഇങ്ങിനെ പറഞ്ഞത്. നേരത്തെ മന്ത്രി എഴുതിയ കുറിപ്പിനെ വിമർശിച്ച് ഹാദിയയുടെ പേരിൽ ചില ഓൺലൈൻ മാധ്യങ്ങൾ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ വിമർശിക്കുന്നതിനിടയിലാണ് തന്റെ രക്തത്തിനായി ചിലർ ദാഹിച്ചുനടക്കുന്നതായി മന്ത്രി വ്യക്തമാക്കിയത്. ഹാദിയയെ പറ്റി നേരത്തെ പറഞ്ഞ കാര്യങ്ങൾ ഏറെ ചിന്തിച്ച ശേഷമുള്ളതായിരുന്നുവെന്നും ഇതിൽ മാറ്റം വരുത്തേണ്ട കാര്യമില്ലെന്നും മന്ത്രി ആവർത്തിച്ചു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
എന്റെ മൂന്ന് മക്കളിൽ രണ്ട് പേരും പെൺകുട്ടികളാണ് . ആ നിലക്കാണ് ഹാദിയയോട് ഒരു പിതാവിന്റെ സ്ഥാനത്ത് നിന്ന് ചില കാര്യങ്ങൾ ഉണർത്തിയത് . അതിനുള്ള പ്രതികരണമെന്ന നിലയിൽ സോഷ്യൽ മീഡിയയിൽ ഹാദിയയുടേതായി ഒരു കുറിപ്പ് പ്രചരിക്കുന്നുണ്ട് . അത് വായിച്ചപ്പോൾ തന്നെ എനിക്ക് തോന്നിയിരുന്നു അതിലെ പദപ്രയോഗങ്ങളും വാചകങ്ങളും ആ കുട്ടിയുടേതല്ലെന്ന്. നിഷ്കളങ്കയായ ഒരു വ്യക്തിയിൽ നിന്ന് ഒരിക്കലും അത്തരം വാക്കുകൾ ഉണ്ടാവില്ലെന്ന കാര്യത്തിൽ എനിക്ക് സംശയമില്ല .
എന്നാൽ ലീഗ് ന്യൂസ് എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിൽ എന്റെയും ഹാദിയയുടെയും ഫോട്ടോ ചേർത്ത് ഒരു പോസ്റ്റ് വന്നത് കൊണ്ട് (അഖില എന്ന ഹാദിയ എഴുതിയതാണെങ്കിലും അല്ലെങ്കിലും) ഏതാനും വാക്കുകൾ അനുബന്ധമായി ചേർക്കേണ്ടതുണ്ടെന്ന് തോന്നുന്നു. നേരത്തെ ഞാൻ ഹാദിയ വിഷയത്തിൽ നടത്തിയ അഭിപ്രായം ഗഹനമായ ചിന്തക്കൊടുവിൽ എത്തിച്ചേർന്ന സുചിന്തിതമായ അഭിപ്രായം തന്നെയാണ്. അതിൽ ഒരു മാറ്റവുമില്ല .
മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചതും സമാനമായ ആശയങ്ങൾ ഉൾകൊള്ളുന്ന വരികളായിരുന്നു. അതേ കുറിച്ച് ഒരു പരാമർശവും ലീഗ് ന്യൂസ് പുറത്ത് വിട്ട പോസ്റ്റിൽ ഇല്ലാത്തതിന്റെ പൊരുൾ എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല . ചിലത് പറഞ്ഞും മറ്റുചിലത് മറച്ച് വെച്ചുമുള്ള പ്രചാരണങ്ങൾക്കു പിന്നിൽ ആരാണെന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധിവൈഭമൊന്നും വേണ്ട. സുഡാപ്പിക്കാരും സംഘ് പരിവാരങ്ങളും വെൽഫെയർ പാർട്ടിക്കാരും ലീഗിലെ ഏതാനും സങ്കുചിതരും എന്റെ ഒരു തുള്ളി രക്തത്തിന് വേണ്ടി ദാഹിച്ച് നടക്കാൻ തുടങ്ങിയിട്ട് കുറച്ച് കാലമായി. വിശുദ്ധ ഖുർആനിലെ ഒരു സൂക്തമാണ് എല്ലാ മതഭ്രാന്തൻമാരെയും എനിക്കോർമ്മപ്പെടുത്താനുള്ളത്: 'നിങ്ങൾക്ക് നിങ്ങളുടെ മതം , എനിക്കെന്റെ മതം'. തിൻമയേക്കാൾ നന്മ ഒരംശം മുന്തിക്കാനായാൽ അവനാണ് സ്വർഗ്ഗാവകാശിയെന്നാണ് മുഹമ്മദ് നബി ഉൽബോധിപ്പിച്ചത്. ആ പട്ടികയിൽ എല്ലാ നിറഭേദങ്ങളിൽനിന്നുമുള്ള നല്ല മനുഷ്യരുണ്ടാകുമെന്ന് വിശ്വസിക്കാൻ ഒരു മതതീവ്രവാദിയുടേയും താമ്രപത്രം എനിക്കാവശ്യമില്ല . ഞാൻ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്ത ഇസ്ലാം അതാണ്. മറുത്ത് അഭിപ്രായമുള്ളവരുണ്ടാകാം. അവരോട് മാന്യമായി മാത്രമേ വിയോജിക്കു. ആരെയും ഒന്നിന്റെയും പേരിൽ പടിയടച്ച് പിണ്ഡം വെക്കാനോ നരകത്തിലേക്ക് പിടിച്ച് തള്ളാനോ ഞാനില്ല. പടച്ചവൻ ആ ജോലി ഒരാളെയും ഏൽപിച്ചിട്ടില്ലല്ലൊ. ഹാദിയക്കും അച്ഛനമ്മമാർക്കും മനശ്ശാന്തി നേർന്ന്കൊണ്ട് ഇതുമായി ബന്ധപ്പെട്ട നിരീക്ഷണത്തിന് വിരാമം കുറിക്കുകയാണ് .