വിശാഖപട്ടണം- മകളുമായി അവിഹിത ബന്ധം സ്ഥാപിച്ച യുവാവിന്റെ വീട്ടില്‍ കയറി അച്ഛന്‍ ആരു പേരെ കൊലപ്പെടുത്തി. ആന്ധ്ര പ്രദേശിലെ വിശാഖപട്ടണത്തെ ജുട്ടട എന്ന ഗ്രാമത്തിലാണ് ദാരുണ സംഭവം. കൂട്ടക്കൊല നടത്തിയ പ്രതി അപ്പളരാജുവും കൊല്ലപ്പെട്ട അയല്‍ക്കാരായ കുടുംബവും തമ്മില്‍ വര്‍ഷങ്ങള്‍ നീണ്ട വഴക്കുണ്ടായിരുന്നതായും നാട്ടുകാര്‍ പറയുന്നു. കൊലപ്പെട്ട കുടുംബത്തിലെ വിജയ് എന്ന യുവാവിന് അപ്പളരാജുവിന്റെ മകളുമായി അവിഹിത ബന്ധമുണ്ടായിരുന്നു. ഇതാണ് കൊലയിലേക്ക് നയിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു.
2018ല്‍ അപ്പള രാജു തന്റെ മകളും വിജയും തമ്മില്‍ ചാറ്റ് നടത്തുന്നതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയും വിജയ് അറസ്റ്റിലാകുകയും ചെയ്തു. ഇതോടെ ഇരു കുടുംബങ്ങളും തമ്മില്‍ പകയായി. 2018ലും അപ്പള രാജു വിജയിന്റെ കുടുംബത്തെ ആക്രമിച്ചിരുന്നു. ഉപദ്രവത്തെ തുടര്‍ന്ന് വിജയിന്റെ കുടുംബം വിശാഖപട്ടണം വിട്ട് വിജയവാഡയിലേക്ക് താമസം മാറിയിരുന്നു. പിന്നീട് നാലു മാസം മുമ്പാണ് വിശാഖപട്ടണത്ത് തിരിച്ചെത്തിയത്. ഇതറിഞ്ഞാണ് പ്രതി അപ്പളരാജു വ്യാഴാഴ്ച പുലര്‍ച്ചെ വിജയിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി പിഞ്ചു കുഞ്ഞുള്‍പ്പെടെ ആറു പേരെ വെട്ടിക്കൊലപ്പെടുത്തിയത്.
വിജയിന്റെ അച്ഛനും ഭാര്യയും രണ്ടു കുട്ടികളും അമ്മായിമാരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. ബൊമ്മിഡി രമണ (63), ബൊമ്മിഡി ഉഷാറാണി (35), അല്ലു രമാദേവി (53), നക്കെല്ല അരുണ (37), ഉഷാറാണിയുടെ മക്കളായ ബൊമ്മിഡി ഉദയ് (2), ആറു മാസം പ്രായമുള്ള ഉര്‍വിഷ എന്നിവരാണ് കൊല്ലപ്പെട്ടത്.