ന്യൂദല്‍ഹി- കോവിഡ് മഹാമാരി പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം പരോളില്‍ വിട്ട 6,740 തടവുകാരില്‍ 3,468 പേര്‍ ഇനിയും മടങ്ങി എത്തിയില്ലെന്ന് ദല്‍ഹിയിലെ തിഹാര്‍ ജയില്‍ അധികൃതര്‍. മുങ്ങി നടക്കുന്ന ഇവരെ തിരഞ്ഞുപിടിച്ച് ജയിലിലെത്തിക്കാന്‍ അധികൃതര്‍ ദല്‍ഹി പോലീസിനെ സമീപിച്ചിരിക്കുകയാണ്. കോവിഡ് കേസുകള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് മാരക രോഗികളായ ഈ തടവുകാരെ പരോളില്‍ വിട്ടത്. എച്ച്.ഐ.വി, കാന്‍സര്‍, ഡയാലിസിസ് ആവശ്യമാ വൃക്ക രോഗികള്‍, ഹെപറ്റൈറ്റിസ് ബി, സി, ആസ്തമ, ടിബി എന്നീ രോഗങ്ങള്‍ അലട്ടുന്നവരെയാണ് മോചിപ്പിച്ചിരുന്നത്. ഇവരില്‍ ശിക്ഷയനുഭവിക്കുന്നവരും വിചാരണാ തടവുകാരും ഉള്‍പ്പെടും. 10,026 പേരെ തടവിലിടാനുള്ള ശേഷിയുള്ള തിഹാര്‍ ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ജയില്‍ സമുച്ചയമാണ്.
കോവിഡ് കാരണം ദല്‍ഹിയിലെ തിഹാര്‍, മണ്ഡോലി, രോഹിണി ജയിലുകളില്‍ നിന്ന് മോചിപ്പിച്ചവരില്‍ 1,184 പേരാണ് തടവു ശിക്ഷയനുഭവിക്കുന്നവര്‍. എട്ടാഴ്ചത്തേക്കായിരുന്നു പരോള്‍. ഇതു പിന്നീട് നീട്ടി നല്‍കിയിരുന്നു. എന്നാല്‍ ഫെബ്രുവരി ഏഴിനും മാര്‍ച്ച് ആറിനും ഇടയില്‍ ജയിലില്‍ തിരിച്ചെത്താനായിരുന്നു അന്ത്യശാസനം. എന്നാല്‍ ഇവരില്‍ 112 പേര്‍ മുങ്ങിയിരിക്കുകയാണ്. ഇവരെ തേടി വീട്ടില്‍ അന്വേഷിച്ചപ്പോള്‍ അവിടേയും ഇല്ലെന്ന് ജയില്‍ അധികൃതര്‍ പറയുന്നു.
പരോളില്‍ വിട്ട 5,556 വിചാരണ തടവുകാരില്‍ 2,200ഓളം പേര്‍ മാത്രമാണ് തിരികെ ജയിലിലെത്തിയത്. മാര്‍ച്ച് അവസാനിക്കുന്നതിനു മുമ്പ് തിരിച്ചെത്തണം എന്ന വ്യവസ്ഥയിലാണ് ഇവരെ ഇടക്കാല ജാമ്യത്തില്‍ വിട്ടത്. മുങ്ങി നടക്കുന്ന തടവുകാരുടെ പട്ടിക തയാറാക്കി ഇവര്‍ക്കു വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതപ്പെടുത്തിയിരിക്കുകയാണ് അധികൃതര്‍.