ആലപ്പുഴ- കായംകുളം വള്ളികുന്നത് അഭിമന്യു എന്ന വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയത് ആര്‍എസ്എസ്-ബിജെപി ക്രിമിനലുകളാണെന്ന ആരോപണവുമായി സിപിഎം.
അതേസമയം രാഷ്ട്രീയ കൊലപാതകമല്ലെന്ന വാദവുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തി.
സിപിഎം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും അഭിമന്യുവിനു രാഷ്ട്രീയമില്ലെന്ന് അച്ഛന്‍ പോലും പറഞ്ഞിട്ടുണ്ടെന്നും ബിജെപി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാര്‍ അവകാശപ്പെട്ടു.
അഭിമന്യു എസ്എഫ്‌ഐ പ്രവര്‍ത്തകനാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ പറഞ്ഞു.
പടയണിവെട്ടം ദേവീ ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ വിദ്യാര്‍ഥി സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് കൊലപാതകം. ബുധനാഴ്ച രാത്രി 9.30ന് ക്ഷേത്രത്തിനു മുന്നിലെ സ്‌കൂളിനു സമീപം ആയിരുന്നു സംഭവം.
വള്ളികുന്നം സ്വദേശികളായ ആദര്‍ശ് (16), കാശിനാഥ് (16) എന്നിവര്‍ കുത്തേറ്റ് ആശുപത്രിയിലാണ്. രണ്ട് സംഘങ്ങള്‍ തമ്മില്‍ ആണ് ഏറ്റുമുട്ടിയതെന്നും 15 പേര്‍ ഉണ്ടായിരുന്നുവെന്നും പോലീസ് പറയുന്നു.
ഇവര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നും പൂര്‍വ വൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലെന്നും പോലീസ് പറയുന്നു.
എസ്എഫ്ഐ പ്രവര്‍ത്തകൻ അഭിമന്യുവിനെ കൊലപ്പെടുത്തിയ ആർ എസ് എസിന്റെ നരനായാട്ടിൽ ശക്‌തമായി പ്രതിഷേധിക്കുവാൻ എസ്‌എഫ്‌ഐ സംസഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
വള്ളികുന്നത്ത് പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ പതിനഞ്ചു വയസ്സ് മാത്രം പ്രായമുള്ള അഭിമന്യൂവിനെയാണ് കുത്തിക്കൊലപ്പെടുത്തിയത്.വിഷുദിനത്തിലും കൊലക്കത്തി രാഷ്ട്രീയവുമായി സ്കൂള്‍ വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്താന്‍ ഇറങ്ങിയവരാണ് സംഘപരിവാർ ഗുണ്ടകളെന്നും പ്രസ്‌താവനയിൽ പറഞ്ഞു.