കോപന്‍ഹേഗന്‍- ആസ്ട്രസെനെക കോവിഡ് വാക്‌സിന്റെ ഉപയോഗം പൂര്‍ണമായും നിര്‍ത്തി ഡെന്‍മാര്‍ക്. ആസ്ട്രസെനക വാക്‌സിന്‍ ഒഴിവാക്കി രാജ്യത്ത് പ്രതിരോധ കുത്തിവെപ്പ് തുടരുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പാര്‍ശ്വഫലങ്ങള്‍ ഗുരുതരമാണെന്ന് പറഞ്ഞാണ് തീരുമാനം.
ആസ്ട്രസെനെക വാക്‌സിന് ആദ്യമേ നിയന്ത്രണം ഏര്‍പ്പെടുത്തിയ യൂറോപ്യന്‍ രാജ്യങ്ങളില്‍ പ്രമുഖമാണ് ഡെന്‍മാര്‍ക്. ബ്രിട്ടീഷ് നിര്‍മിതമായ ആസ്ട്രസെനകയുടെ ഉപയോഗത്തിന് യൂറോപ്യന്‍ രാജ്യങ്ങള്‍ വിമുഖത കാണിക്കുന്നതിന് പിന്നില്‍ ആരോഗ്യ സുരക്ഷയെക്കുറിച്ച ആശങ്കയെക്കാളുപരി രാഷ്ട്രീയമാണെന്ന് ആരോപണമുണ്ട്.
ആസ്ട്രസെനക പൂര്‍ണമായും നിര്‍ത്തുന്ന ആദ്യ യൂറോപ്യന്‍ രാജ്യമാണ് ഡെന്‍മാര്‍ക്. അപൂര്‍വമായ രക്തം കട്ടപിടിക്കല്‍ ഉണ്ടാകുന്നതായി ചൂണ്ടിക്കാട്ടിയാണിത്. അതേസമയം, അമേരിക്കന്‍ നിര്‍മിതമായ ജോണ്‍സന്‍ ആന്റ് ജോണ്‍സനും സമാനമായ പാര്‍ശ്വഫലങ്ങള്‍ കാണിക്കുന്നുണ്ട്.