കൊളംബോ- ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ആക്രമണത്തിന്റെ രണ്ടാം വാര്‍ഷികത്തിനു മുന്നോടിയായി ഐഎസുംഅല്‍ഖാഇദയുമടക്കം 11 മുസ്‌ലിം സംഘടനകളെ നിരോധിച്ചു.
279 പേര്‍ കൊല്ലപ്പെട്ട ഈസ്റ്റര്‍ ചാവേര്‍ ബോംബാക്രമണത്തിന്റെ രണ്ടാം വാര്‍ഷികത്തിന് ഒരാഴ്ച മാത്രം ബാക്കിയിരിക്കെയാണ് മുസ്‌ലിം സംഘടനകളെ ശ്രീലങ്ക നിരോധിച്ചത്. ഐ.എസിനും അല്‍ഖാഇദക്കും പുറമേ നിരേധിക്കപ്പെട്ടവ പ്രാദേശിക സംഘടനകളാണ്.
ഈ ഗ്രൂപ്പുകളുമായി ബന്ധപ്പെടുന്നവര്‍ക്ക് 20 വര്‍ഷം വരെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് പ്രസിഡന്റ് രാജപക്‌സെ പുറപ്പെടുവിച്ച ഗസറ്റ് വിജ്ഞാപനത്തില്‍ പറയുന്നു.
ആക്രമണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് വാര്‍ഷികത്തിന് മുമ്പ് തെരുവിലിറങ്ങുമെന്ന് റോമന്‍ കത്തോലിക്കര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ബുധനാഴ്ച നിരോധിച്ച ചില ഗ്രൂപ്പുകളുമായി ബോംബാക്രമണം നടത്തിയ യുവാവിന് ബന്ധമുണ്ടായിരുന്നു.
രാജ്യത്ത് സമാധാനം ഉറപ്പാക്കുന്നതിനാണ് തീവ്രവാദ നിരോധന നിയമപ്രകാരം സംഘടനകളെ നിരോധിച്ചതെന്ന് രാജപക്‌സ അവകാശപ്പെട്ടു.
2019 ഏപ്രിലിലാണ് ഏഴ് ശ്രീലങ്കക്കാര്‍ മൂന്ന് ചര്‍ച്ചകളും മൂന്ന് ഹോട്ടലുകളും ആക്രമിച്ചത്. അക്രമികള്‍ ഐ.എസ് നേതാവായിരുന്ന അബുബക്കര്‍ അല്‍ ബാഗ്ദാദിയുടെ അനുയായികളാണെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇവര്‍ക്ക് ഐ.എസുമായി നേരിട്ട് ബന്ധമുണ്ടായിരുന്നുവെന്നതിന് തെളിവൊന്നും ലഭിച്ചിരുന്നില്ല.
ആക്രമണവുമായി നേരിട്ട് ബന്ധമുണ്ടെന്ന് പറയപ്പെടുന്ന രണ്ട് പ്രാദേശിക ഗ്രൂപ്പുകളെ 2019 ല്‍ തന്നെ നിരോധിച്ചു. എന്നാല്‍ കൂടുതല്‍ സംഘടനകളെ നിരോധിക്കണമെന്ന ആവശ്യം ഉയര്‍ന്നു. ആക്രമണം നടത്തിയ ഏഴ് ചാവേറുകളും കൊല്ലപ്പെട്ടിരുന്നു. കേസില്‍ വേറെ ആരും പിടിയിലായിട്ടുമില്ല.