ന്യൂദല്‍ഹി- പത്താം ക്ലാസ്സ് പരീക്ഷ പോലെ സി.ബി.എസ്.ഇ പന്ത്രണ്ടാംതരം പരീക്ഷയും റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ജൂണ്‍ വരെ വിദ്യാര്‍ഥികളെ സമ്മര്‍ദ്ദത്തിലാക്കുന്ന നിലവിലെ തീരുമാനം വിദ്യാര്‍ഥികളോട് ചെയ്യുന്ന അനീതിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പത്താംതരം പരീക്ഷ റദ്ദാക്കിക്കൊണ്ടുളള പ്രഖ്യാപനം വന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രിയങ്കയുടെ പ്രതികരണം.
പത്താതരം പരീക്ഷ റദ്ദാക്കാനുളള സര്‍ക്കാര്‍ തീരുമാനത്തില്‍ സന്തോഷമുണ്ട്, എന്നാല്‍ പന്ത്രണ്ടാം ക്ലാസുകാരുടെ കാര്യത്തിലും ഒരു അന്തിമ തീരുമാനം കൈക്കൊള്ളേണ്ടതുണ്ട്. ജൂണ്‍ വരെ വിദ്യാര്‍ഥികളെ അനാവശ്യമായി സമ്മര്‍ദത്തിലാക്കുന്നതില്‍ ഒരു അര്‍ഥവുമില്ല. അത് അനീതിയാണ്. സര്‍ക്കാരിനോട് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഞാന്‍ അഭ്യര്‍ഥിക്കുകയാണ്- പ്രിയങ്കാ ഗാന്ധി ട്വീറ്റ് ചെയ്തു.
സി.ബി.എസ്.ഇ പരീക്ഷകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഞായറാഴ്ച വിദ്യാഭ്യാസ മന്ത്രിക്ക് പ്രിയങ്ക കത്ത് അയച്ചിരുന്നു. സി.ബി.എസ്.ഇ പത്താതരം, പ്ലസ്ടു പരീക്ഷകള്‍ മെയ് നാല് മുതല്‍ നടത്താനായിരുന്നു നേരത്തേയെടുത്ത തീരുമാനം.
ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് പത്താംതരം പരീക്ഷ റദ്ദാക്കാന്‍ തീരുമാനിച്ചത്. പ്ലസ്ടു പരീക്ഷകള്‍ മാറ്റിവെക്കുകയാണെന്നും തീയതി ജൂണ്‍ ഒന്നിനുശേഷം തീരുമാനിക്കുമെന്നുമാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.