Sorry, you need to enable JavaScript to visit this website.

കുംഭമേളയും തബ്‌ലീഗ് സമ്മേളനവും താരതമ്യം ചെയ്യരുതെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ഡെറാഡൂണ്‍- കോവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യത്തിലും ഹരിദ്വാറില്‍ ലക്ഷക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കുന്ന കുംഭമേള നടക്കുന്നതും കോവിഡ് വ്യാപനത്തിന് ഏറെ പഴികേട്ട കഴിഞ്ഞ വര്‍ഷം ദല്‍ഹിയിലെ തബ്‌ലീഗ് ആസ്ഥാനമായ മര്‍കസില്‍ നടന്ന സമ്മേളനവും തമ്മില്‍ താരതമ്യം ചെയ്യരുതെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത്ത് സിങ് റാവത്ത്. നിസാമുദ്ദീന്‍ മര്‍കസില്‍ നടന്നത് അടച്ചിട്ട ഇടത്തെ സമ്മേളനമായിരുന്നുവെന്നും അതില്‍ വിദേശികള്‍ പങ്കെടുത്തിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. 'മകര്‍സില്‍ നടന്ന പരിപാടി അടിച്ചിട്ടായിരുന്നെങ്കില്‍ കുംഭമേള തുറന്നതും വിശാലവുമായി സ്ഥലത്താണ് നടക്കുന്നത്,' അദ്ദേഹം പറഞ്ഞു. കുംഭമേളയില്‍ പങ്കെടുക്കുന്നത് പുറത്തുനിന്നുള്ളവര്‍ അല്ലെന്നും നമ്മുടെ സ്വന്തം ആള്‍ക്കാരാണെന്നും തിരത്ത് സിങ് പറഞ്ഞു. കുംഭമേളയിൽ പങ്കെടുത്ത ആയിരത്തിലേറെ പേർക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

മര്‍കസില്‍ പരിപാടി നടക്കുമ്പോള്‍ കോവിഡിനെ കുറിച്ച് കാര്യമായ അവബോധം ഉണ്ടായിരുന്നു. പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങളും ഉണ്ടായിരുന്നില്ല. മര്‍കസില്‍ എത്രകാലം ആളുകള്‍ കൂട്ടമായി കഴിഞ്ഞിരുന്നുവെന്നും അറിഞ്ഞിരുന്നില്ല. ഇപ്പോള്‍ കൂടുതല്‍ അവബോധവും കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങളും നിലവിലുണ്ട്- മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ ആരോഗ്യം മുന്‍ഗണനാ വിഷയമാണെന്നും എന്നാല്‍ വിശ്വാസം അവഗണിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കുംഭ മേള 12 വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്നതാണെന്നും അത് ദശലക്ഷക്കണക്കിന് ആളുകളുടെ വികാരവും വിശ്വാസവുമായി ബന്ധപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
 

Latest News