ന്യൂദല്‍ഹി- പുതിയ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ആയി സുശീല്‍ ചന്ദ്ര ചുമതലയേറ്റു. സുനില്‍ അറോറ തിങ്കളാഴ്ച വിരമിച്ച ഒഴിവിലാണ് നിയമനം. തെരഞ്ഞെടുപ്പു ചെലവുകള്‍ നിരീക്ഷിക്കുന്നത് കൂടുതല്‍ കാര്യക്ഷമവും കര്‍ശനവുമാക്കിയ നീക്കങ്ങള്‍ക്കു പിന്നില്‍ സുശീല്‍ ചന്ദ്ര നിര്‍ണായക പങ്കുവഹിച്ചതായി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ അധ്യക്ഷ പദവിയിലെത്തുന്ന രണ്ടാമത് ഇന്ത്യന്‍ റെവന്യു സര്‍വീസ് ഓഫീസറാണ് സുശീല്‍ ചന്ദ്ര. 2019 ഫെബ്രുവരി 14നാണ് സുശീല്‍ ചന്ദ്രയെ തെരഞ്ഞെടുപ്പു കമ്മീഷണറായി നിയമിച്ചത്. 2022 മേയ് 14 വരെ കാലാവധിയുണ്ട്.
പശ്ചിമ ബംഗാളില്‍ ബാക്കി നടക്കാനുള്ള നാലു ഘട്ട തെരഞ്ഞെടുപ്പുകളും ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകളും സുശീല്‍ ചന്ദ്രയുടെ മേല്‍നോട്ടത്തില്‍ നടക്കും.