വാഷിങ്ടന്‍- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭരിക്കുന്ന ഇന്ത്യയും അയല്‍രാജ്യമായ പാക്കിസ്ഥാനും തമ്മില്‍ ഒരു യുദ്ധം നടക്കാന്‍ സാധ്യത ഇല്ലെങ്കിലും ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ പ്രതിസന്ധി രൂക്ഷമാകുമെന്ന് യുഎസ് ഇന്റലിജന്‍സ് റിപോര്‍ട്ട്. പാക്കിസ്ഥാന്റെ ഭാഗത്തു നിന്നുണ്ടാകുന്ന പ്രകോപനങ്ങള്‍ക്ക് ഇന്ത്യ കൂടുതല്‍ സൈനിക ശക്തി ഉപയോഗിച്ച മറുപടി നല്‍കിയേക്കുമെന്നും ഓഫിസ് ഓഫ് ദി ഡയറക്ടര്‍ ഓഫ് നാഷണല്‍ ഇന്റലിജന്‍സ് യുഎസ് കോണ്‍ഗ്രസില്‍ സമര്‍പ്പിച്ച വാര്‍ഷിക ത്രെട്ട് അസസ്‌മെന്റ് റിപോര്‍ട്ട് പറയുന്നു. മോഡിയുടെ കീഴിലുള്ള ഇന്ത്യ കൂടുതല്‍ സൈനിക ശക്തിയോടെ തിരിച്ചടിക്കാന്‍ സാധ്യത ഏറെയാണ്. കശ്മീരിലെ പ്രശ്‌നങ്ങളും ഇന്ത്യയില്‍ നടക്കുന്ന ഭീകരാക്രമണങ്ങളുമായിരിക്കും ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സംഘര്‍ഷം രൂക്ഷമാക്കുന്നതില്‍ പ്രധാന കാരണങ്ങളാകുക എന്നും റിപോര്‍ട്ട് പറയുന്നു.
മോഡി സര്‍ക്കാര്‍ വന്നതോടെ ബന്ധം കൂടുതല്‍ വഷളാകുകയും ഇപ്പോള്‍ ഇരു രാജ്യങ്ങളിലും തങ്ങളുടെ നയതന്ത്ര പ്രതിനിധികളായ ഹൈക്കമ്മീഷണര്‍മാര്‍ ഇല്ല. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും സംസ്ഥാനത്തെ വിഭജിച്ച് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കുകയും ചെയ്തതോടെയാണ് ബന്ധം വഷളായത്. ആണവ രാജ്യങ്ങളായ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം ലോകത്തിനു തന്നെ ഭീഷണിയാണെന്നും യുഎസ് റിപോര്‍ട്ട് മുന്നറിയിപ്പു നല്‍കുന്നു.
അഫ്ഗാനിലും ഇറാഖിലും സിറിയയിലും നടക്കുന്ന പോരാട്ടങ്ങള്‍ യുഎസ് സേനയെ നേരിട്ട് ബാധിച്ചിട്ടുണ്ട്. ഇസ്രാഈലിനും ഇറാനുമിടയില്‍ ആവര്‍ത്തിക്കുന്ന പോരും, ലിബിയയിലെ വിദേശ ശക്തികളുടെ പ്രവര്‍ത്തനങ്ങളും ആഫ്രിക്ക, ഏഷ്യ, മിഡില്‍ ഈസ്റ്റ് മേഖലകളിലെ സംഘര്‍ഷങ്ങളും വര്‍ധിക്കാനും വ്യാപിക്കാനും സാധ്യതയുണ്ടെന്നും റിപോര്‍ട്ടിലുണ്ട്.