ന്യൂദൽഹി- കോവിഡ് കേസുകള്‍ വലിയ ആശങ്ക ഉയർത്തി തുടരുന്നതിനിടെ, ഉത്തർപ്രദേശിന്റെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി യുപിയിലെ നേതാക്കളുടേയും പാർട്ടി എംഎൽഎമാരുടേയും യോഗം വിളിച്ചു.
ഓണ്‍ലൈനില്‍ ചേരുന്ന യോഗം കടുത്ത വെല്ലുവിളി നേരിടുന്ന വേളയില്‍ സംസ്ഥാനത്തെ ജനങ്ങളെ സഹായിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കും.
സംസ്ഥാനത്തെ ആരോഗ്യ സൗകര്യങ്ങളുടെ അപര്യാപ്തതയെ കുറിച്ച് മന്ത്രി തന്നെ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കത്തെഴുതിയതിനു പിന്നാലെയാണ് പ്രിയങ്ക ഗാന്ധി പാർട്ടി നേതാക്കളുടെ യോഗം വിളിച്ച് എന്തു ചെയ്യാന്‍ സാധിക്കുമെന്ന് ആലോചിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഉത്തർപ്രദേശില്‍ 13,604 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് 81,576 പേരാണ് രോഗം ബാധിച്ച് ആശുപത്രികളില്‍ കഴിയുന്നത്. പുതിയ രോഗ ബാധപോലെ ആക്ടീവ് കേസുകളും ഉയരുകയാണ്.
24 മണിക്കൂറിനിടെ 1,61,736 പുതിയ കോവിഡ് -19 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. മൊത്തം കേസുകള്‍ 1,36,89,453 ൽ എത്തിയതോടെ, യുഎസിനുശേഷം ഏറ്റവും കൂടുതൽ കോവിഡ് ബാധ റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറി.
മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, കർണാടക, ഉത്തർപ്രദേശ്, കേരളം എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് ഇന്ത്യയിലെ മൊത്തം ആക്ടീവ് കേസുകളിൽ 68.85 ശതമാനവും.
രാജ്യത്തെ മൊത്തം കേസുകളുടെ 44.78 ശതമാനം മഹാരാഷ്ട്രയിൽ മാത്രമാണെന്ന് സർക്കാർ ചൊവ്വാഴ്ച വെളിപ്പെടുത്തിയിരുന്നു.