ടോക്കിയോ- ഫുകുഷിമ ഡൈചി ആണവ നിലയത്തില്‍ നിന്ന് റേഡിയോ ആക്ടീവ് മലിനജലം സമുദ്രത്തിലേക്ക് പുറന്തള്ളാനൊരുങ്ങി ജപ്പാന്‍. അയല്‍ രാജ്യങ്ങളായ ചൈനയുടെയും ദക്ഷിണ കൊറിയയുടെയും ആശങ്കകള്‍ക്കിടയിലാണ് ജപ്പാന്റെ നിര്‍ണായക നീക്കം. നിലവില്‍ ഫുകുഷിമ ഡൈചി ആണവ നിലയം ഉല്‍പാദിപ്പിക്കുന്ന മലിനജലം ടാങ്കുകളിലാണ് സൂക്ഷിക്കുന്നത്. ഇങ്ങനെ സംഭരിക്കുന്ന മലിനജലത്തില്‍ റേഡിയോ ആക്ടീവ് മെറ്റീരിയല്‍ അടങ്ങിയിരിക്കുന്നത് അപകടകരമെന്നാണ് വിലയിരുത്തല്‍. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും നടപടിയെടുക്കുന്നതിന് മുന്‍പ് സര്‍ക്കാര്‍ പ്രാദേശിക, ആഗോള സ്ഥാപനങ്ങളുടെ സഹകരണം തേടുമെന്ന് ജാപ്പനീസ് സാമ്പത്തിക വാണിജ്യ, വ്യവസായ മന്ത്രി കജിയാമ ഹിരോഷി അറിയിച്ചു. പദ്ധതിയുടെ സുരക്ഷ സമഗ്രമായി പരിശോധിക്കുന്നതിനും സുതാര്യത നിലനിര്‍ത്തുന്നതിനും ആഗോള സംഘടനകളായ ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സി, പ്രാദേശിക സര്‍ക്കാരുകള്‍ എന്നിവയുടെ സഹകരണം തേടുമെന്നും അദ്ദേഹം അറിയിച്ചു. ജാപ്പനീസ് സര്‍ക്കാര്‍ നീക്കത്തില്‍ അയല്‍ രാജ്യങ്ങള്‍ക്ക് പുറമെ രാജ്യത്തെ മത്സ്യബന്ധന മേഖലയും ഏതിരാണ്.