ലഖ്‌നൗ- രാജ്യത്ത് ദളിതർക്കെതിരെ അതിക്രമങ്ങൾ വർധിക്കുന്നതിൽ പ്രതിഷേധിച്ച് ദളിത് വിദ്യാർത്ഥി രാഷ്ട്രപതി റാംനാഥ് കോവിന്ദിൽ നിന്നും മെഡൽ സ്വീകരിക്കാൻ വിസമ്മതിച്ചു. ബാബസാഹെബ് ഭീംറാവു അംബേദ്കർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എം സി എ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ രാമേന്ദ്ര നരേഷ് ആണ് താൻ രാഷ്ട്രപതിയിൽ നിന്ന് സ്വർണ മെഡൽ സ്വീകരിക്കില്ലെന്ന് യൂണിവേഴ്‌സിറ്റി അധികൃതരെ അറിയിച്ചത്.
നാളെയാണ് യുണിവേഴ്‌സിറ്റിയിലെ ബിരുദദാന ചടങ്ങ്. രാഷ്ട്രപതി കോവിന്ദാണ് മുഖ്യാഥിതി. 'ദളിതർക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ഞങ്ങളുടെ സഹോദരങ്ങളോടുള്ള ഐക്യദാർഢ്യത്തിന്റെ ഭാഗമായാണ് രാഷ്ട്രപതിയിൽ നിന്നും മെഡൽ സ്വീകരിക്കാതിരിക്കുന്നത്. ദളിതരേയും മറ്റു സമുദായങ്ങളെ പോലെ കാണുമെന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉറപ്പു വരുത്തിയാൽ മാത്രമെ മെഡൽ സ്വീകരിക്കൂ,' നരേഷ് പറഞ്ഞു.