ന്യൂദല്‍ഹി- യുഎസിലെ വോള്‍-സ്ട്രീറ്റ് ഇന്‍വെസ്റ്റ് ബാങ്കായ മോര്‍ഗന്‍ സ്റ്റാന്‍ലി 2018ല്‍ പ്രസിദ്ധീകരിച്ച റിപോര്‍ട്ടില്‍ ഇന്ത്യയിലെ കോടീശ്വരന്മാരെ കുറിച്ചൊരു വിവരമുണ്ടായിരുന്നു. 2014നു ശേഷം 23,000 ഇന്ത്യന്‍ കോടീശ്വരന്‍മാര്‍ പൗരത്വം ഉപേക്ഷിച്ച് മറ്റു രാജ്യങ്ങളിലേക്കു കുടിയേറിപ്പോയി എന്നായിരുന്നു ആ റിപോര്‍ട്ടിലെ കണക്ക്. ഏറ്റവുമൊടുവില്‍ ഗ്ലോബല്‍ വെല്‍ത്ത് മൈഗ്രേഷന്‍ റിവ്യൂ റിപോര്‍ട്ട് പറയുന്നത് 2020ല്‍ മാത്രം അയ്യായിരത്തോളം കോടീശ്വരന്‍മാരാണ് ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് മറ്റു രാജ്യങ്ങളിലേക്ക് പോയത്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിദേശ പൗരത്വ, താമസ അഡൈ്വസറി ഏജന്‍സിയായ ഹെന്‍ലെ ആന്റ് പാര്‍ട്‌നേഴ്‌സിന്റെ (എച്ച് ആന്റ് പി) കണക്കുകള്‍ പ്രകാരം വന്‍സമ്പത്ത് നിക്ഷേപം നടത്തി വിദേശ രാജ്യങ്ങളുടെ പൗരത്വം സ്വീകരിക്കുന്ന കോടീശ്വരന്‍മാരുടെ പട്ടികയില്‍ മുന്നിലുള്ളത് ഇന്ത്യന്‍ കോടീശ്വരന്‍മാരാണ്. നിരവധി സമ്പന്നർ വിദേശ പൗരത്വം നേടുന്നതിന് എച്ച് ആന്റ് പിയുടെ സേവനം ഉപേയാഗപ്പെടുത്തിയിട്ടുണ്ട്.
ഈ കണക്കുകള്‍ പുറത്തു വന്നതോടെ എന്തുകൊണ്ടാണ് സമ്പന്നര്‍ക്ക് ഇന്ത്യയെ മടുത്തത് എന്ന ചോദ്യമാണ് ഉയരുന്നത്. ഒരു കാരണം കേന്ദ്ര സര്‍ക്കാരിന്റെ കടുത്ത നികുതി പിടുത്തവും റെയ്ഡുകളുമാണ്. ടാക്‌സ് ടെറര്‍ എന്നാണ് സര്‍ക്കാരിന്റെ നികുതി വേട്ടയേയും ആദായ നികുതി റെയ്ഡുകളേയും വ്യവസായ രംഗത്തുള്ളവര്‍ വിശേഷിപ്പിക്കുന്നത്. നികുതി അധികാരികളുടേയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റേയും ശല്യം കാരണമാണ് സമ്പത്തുമായി ഇന്ത്യയെ ഉപേക്ഷിച്ചതെന്ന് പലരും പറഞ്ഞതായി ബിബിസി റിപോര്‍ട്ട് ചെയ്യുന്നു. നികുതി പിടുത്തത്തിനു പുറമെ നിലവിലെ ഭിന്നിപ്പിന്റേയും വിദ്വേഷത്തിന്റേയും രാഷ്ട്രീയ അന്തരീക്ഷവും പലരിലും മടുപ്പുളവാക്കിയിട്ടുണ്ട്.
ഇതിനെല്ലാം പുറമെ കോവിഡ് വ്യാപനവും കോടിശ്വരന്‍മാര്‍ ഇന്ത്യയെ ഉപേക്ഷിക്കാനുള്ള ഒരു കാരണമായി എടുത്തിരിക്കുകയാണെന്നാണ് എച്ച് ആന്റ് പി പറയുന്നത്. വിദേശ പൗരത്വം നേടാന്‍ ശ്രമിക്കുന്ന സമ്പന്നരുടെ എണ്ണം വര്‍ധിച്ചതോടെ ലോക്ഡൗണ്‍ കാലത്ത് എച്ച് ആന്റ് പി ഇന്ത്യയില്‍ ഇവരെ സഹായിക്കാനായി ഒരു ഓഫീസ് തന്നെ തുറന്നു. കരീബിയന്‍ രാജ്യങ്ങള്‍, ഗോള്‍ഡന്‍ വീസ നല്‍കുന്ന പോര്‍ചുഗല്‍, മാള്‍ട്ട, സൈപ്രസ് തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യന്‍ കോടീശ്വരന്‍മാരുടെ ഇഷ്ട രാജ്യങ്ങളെന്ന് എച്ച് ആന്റ് പി പറയുന്നു.
വന്‍തോതില്‍ സമ്പത്ത് നിക്ഷേപമിറക്കിയാല്‍ പൗരത്വം നല്‍കുന്ന രാജ്യങ്ങളാണ് ഇവയിലേറേയും. ഇങ്ങനെ കോടീശ്വരന്‍മാരായ ബിസിനസുകാര്‍ സമ്പത്തുമായി ഇന്ത്യയെ ഉപേക്ഷിച്ചു പോയാല്‍ അത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ രാജ്യത്തെ വ്യവസായ സൗഹൃദ അന്തരീക്ഷത്തിന് ആഘാതമുണ്ടാക്കുമെന്ന് ഏഷ്യ പസഫിക് ഫൗണ്ടേഷന്‍ ഓഫ് കാനഡയിലെ ഫെലോ രൂപ സുബ്രണ്യ പറയുന്നു. സമ്പന്നരുടെ ഈ കൊഴിഞ്ഞു പോക്ക് ഭാവിയെ കുറിച്ചുള്ള ദുസ്സൂചനയാകാമെന്ന് ജോഹനസ്ബര്‍ഗിലെ വെല്‍ത്ത് ഇന്റലിജന്‍സ് ഗ്രൂപ്പായ ന്യൂ വേള്‍ഡ് വെല്‍ത്ത് ഗവേഷണ വിഭാഗം തലവന്‍ ആന്‍ഡ്ര്യൂ അമോയില്‍സ് പറയുന്നു. മോശം അവസ്ഥയുണ്ടാകുമ്പോള്‍ ആദ്യം രാജ്യംവിടുന്നത് സമ്പന്നരായിരിക്കും. മധ്യവര്‍ഗക്കാരെ അപേക്ഷിച്ച് അവര്‍ക്ക് അതിന് ശേഷിയുമുണ്ട്- അമോയില്‍സ് പറയുന്നു.