ജയ്പൂർ- ലോകത്തെ ഞെട്ടിച്ച രാജസ്ഥാനിലെ രാജസമന്ദ് കൊലപാതകത്തിലെ പ്രതിക്ക് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ലഭിച്ചത് മൂന്നു ലക്ഷം രൂപ. പശ്ചിമബംഗാളിൽനിന്നുള്ള മുഹമ്മദ് അഫ്രാസുലിനെ പിക്കാസ് ഉപയോഗിച്ച് കൊലപ്പെടുത്തിയ ശേഷം തീകൊളുത്തി ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തി സാമൂഹ്യമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച ശംഭുലാൽ റെഗാറിന്റെ ഭാര്യ സീതയുടെ ബാങ്ക് എക്കൗണ്ടിലേക്കാണ് മൂന്നു ലക്ഷം രൂപ വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് നിക്ഷേപിച്ചത്. ഹീനമായ കൊലപാതകത്തിന് ശേഷം 516 ആളുകളാണ് ഇത്രയും തുക നിക്ഷേപിച്ചത്. സീതയുടെ ബാങ്ക് എക്കൗണ്ട് അധികൃതർ മരവിപ്പിച്ചിട്ടുണ്ട്. റെഗാറിന്റെ കുടുംബത്തെ സഹായിക്കണമെന്നാവശ്യപ്പെട്ട് ചിലർ സോഷ്യൽ മീഡിയ വഴി പ്രചാരണം നടത്തിയിരുന്നു. ഇതേതുടർന്നാണ് ബാങ്ക് എക്കൗണ്ട് പോലീസ് ഇടപെട്ട് മരവിപ്പിച്ചത്. പക്ഷെ, അപ്പോഴേക്കും മൂന്നു ലക്ഷത്തോളം രൂപ ഈ എക്കൗണ്ടിൽ എത്തിയിരുന്നു. ആരൊക്കെയാണ് നിക്ഷേപം നടത്തിയത് എന്നത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും ഉദയ്പൂർ റേഞ്ച് ഐ.ജി ആനന്ദ് ശ്രീവാസ്തവ വ്യക്തമാക്കി. വിവിധ സംസ്ഥാനങ്ങളിൽനിന്നാണ് പണം വന്നതെന്നും ഓൺലൈൻ ട്രാൻസ്ഫർ വഴിയാണ് പണം കൈമാറിയതെന്നും അദ്ദേഹം പറഞ്ഞു.
പണം റെഗാറിന്റെ ഭാര്യയുടെ എക്കൗണ്ടിലേക്ക് നിക്ഷേപിച്ച ശേഷം ഇതിന്റെ റസീപ്റ്റ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത രണ്ടു ബിസിനസുകാരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രകാശ് സിംഗ്, ദിനേശ് സിംഗ് എന്നീ വ്യാപാരികളെയാണ് അറസ്റ്റ് ചെയ്തത്.
റെഗാറിന് പിന്തുണ അറിയിച്ച് ഇന്ന് റാലി നടത്താൻ ചില ഹിന്ദുത്വ സംഘടനകൾ തീരുമാനിച്ചതിനെ തുടർന്ന് ഉദയ്പൂരിൽ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്റർനെറ്റ് സംവിധാനവും ഇവിടെ എടുത്തുകളഞ്ഞു. പശ്ചിമബംഗാളിൽനിന്നെത്തിയ മുഹമ്മദ് അഫ്രാസുലിനെ ഇക്കഴിഞ്ഞ ആറിനാണ് 36 കാരനായ റെഗാർ ക്രൂരമായി കൊലപ്പെടുത്തിയത്. റെഗാറിന്റെ പതിനാലുകാരനായ അനന്തിരവനാണ് ദൃശ്യം മൊബൈൽ ഫോണിൽ പകർത്തിയത്.