കണ്ണൂര്‍- പാനൂരിലെ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്ന മന്‍സൂറിനെ വധിക്കാന്‍ പ്രതികള്‍ ഒത്തുചേരുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കൊലപാതകത്തിന് തൊട്ടുമുമ്പായിരുന്നു ഈ കൂടിച്ചേരല്‍. അവസാനവട്ട തയാറെടുപ്പു നടത്തിയത് ഇവിടെയെന്നാണു വിലയിരുത്തല്‍.
സിപിഎം പ്രാദേശിക നേതാവ് സന്ദീപും ദൃശ്യത്തിലുണ്ട്. മന്‍സൂറിന്റെ വീട്ടിലേക്ക് പോകുന്ന ഇടവഴിയുടെ അടുത്ത് നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. പ്രതികള്‍ തമ്മില്‍ സംസാരിച്ചതിന്റെ ഫോണ്‍ രേഖകളും പുറത്തുവന്നു. ഒന്നാം പ്രതി ഷിനോസിന്റെ ഫോണില്‍ നിന്നുള്ളതാണ് രേഖകള്‍.
പോലീസ് റിപ്പോർട്ട് പ്രകാരം ഏപ്രിൽ ആറിന് ചൊവ്വാഴ്ച രാത്രി 8.13നാണ് മൻസൂറിനും സഹോദരൻ മുഹ്സിനും നേരെ ആക്രമണം നടന്നത്. ഇതിന് 13 മിനിറ്റ് മുമ്പ് വരെ പ്രതികൾ ഗൂഢാലോചനയിൽ പങ്കാളികളായെന്നാണ് ദൃശ്യങ്ങള്‍ തെളിയിക്കുന്നത്. അതിന് മുമ്പ് നിരന്തരം ഫോണിലൂടെ ബന്ധപ്പെട്ടിരുന്നുവെന്നും വ്യക്തമാകുന്നു.
കൊലപാതകം നടന്ന ഉടനെ തന്നെ മൻസൂറിന്‍റെ സഹോദരൻ മുഹ്സിനും നാട്ടുകാരും ചേർന്നാണ് ഷിനോസിനെ പിടികൂടി പോലീസിനു കൈമാറിയത്.