ലഖ്‌നൗ- ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികളായിരുന്ന ഉന്നത ബിജെപി നേതാക്കളായ എല്‍.കെ അഡ്വാനി, മുരളി മനോഹര്‍ ജോഷി, കേന്ദ്രമന്ത്രി ഉമാ ഭാരതി, കല്യാണ്‍ സിങ് എന്നിവര്‍ ഉള്‍പ്പെടയുള്ളവരെ വെറുതെ വിട്ട കോടതി വിധി പറഞ്ഞ മുന്‍ ജഡ്ജിയെ യുപി സര്‍ക്കാര്‍ ഉപലോകായുക്തയായി നിയമിച്ചു. ഈ കേസില്‍ വിധി പറഞ്ഞ പ്രത്യേക സിബിഐ കോടതി ജഡ്ജിയായിരുന്ന സുരേന്ദ്ര കുമാര്‍ യാദവിനെയാണ് പുതിയ പദവിയില്‍ നിയോഗിച്ചത്. ഏപ്രില്‍ ആറിനാണ് യാദവിനെ ഗവര്‍ണര്‍ യുപിയിലെ മൂന്നാം ഉപലോകായുക്തയായി നിയമിച്ചത്. തിങ്കളാഴ്ച ലോകായുക്ത സജ്ഞയ് മിശ്ര മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. അഡ്വാനി ഉള്‍പ്പെടെയുള്ള ബാബരി കേസിലെ 32 പ്രതികളേയും വെറുതെ വിട്ട വിധി പ്രഖ്യാപിച്ചത് 2020 സെപ്തംബര്‍ 30നായിരുന്നു.