മലപ്പുറം- ബന്ധു നിയമനത്തിൽ ക്രമക്കേട് കാണിച്ചുവെന്ന് ലോകായുക്ത കണ്ടെത്തിയ മന്ത്രി ജലീലിന് നാളെ (ചൊവ്വാഴ്ച) നിർണായകം. മന്ത്രി നൽകിയ ഹരജി ഹൈക്കോടിയുടെ അവധിക്കാല ബെഞ്ച് ഇന്ന് പരിഗണിക്കും. ലോകായുക്ത വിധിയിൽ ഇടപെടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിൽ ജലീൽ രാജിവെക്കേണ്ടി വരും. അതേസമയം, ലോകായുക്ത വിധി മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ തീരുമാനവും നാളെ വന്നേക്കും. ഇതോടെ നാളത്തെ ദിവസം ജലീലിന് നിർണായകമാകും. എന്നാൽ മുഖ്യമന്ത്രിക്കും നിയമനത്തിൽ പങ്കുണ്ടെന്ന ആരോപണം പ്രതിപക്ഷം ഉയർത്തിയതോടെ മുഖ്യമന്ത്രി എന്ത് തീരുമാനം എടുത്താലും പ്രശ്‌നം സങ്കീർണമാകും. ജലീലിനോട് രാജിവെക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടാൽ അടുത്ത കുന്തമുന പ്രതിപക്ഷം മുഖ്യമന്ത്രിക്ക് നേരെ തിരിക്കും. തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാൽ ഇക്കാര്യത്തിൽ പ്രതിപക്ഷം ശക്തമായ സമരം നടത്തില്ലെങ്കിലും സർക്കാറിന്റെ ധാർമ്മികത സംബന്ധിച്ച ചോദ്യം ഉയരും.
കെ.ടി.ജലീൽ നടത്തിയ ബന്ധുനിയമനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പങ്കുണ്ടെന്നതിന്റെ രേഖകൾ പുറത്തുവന്നിരുന്നു. ന്യൂനപക്ഷ വികസന കോർപ്പറേഷൻ ജനറൽ മാനേജറിനുള്ള യോഗ്യത തിരുത്തിയത് മുഖ്യമന്ത്രി ഫയലിൽ ഒപ്പിട്ടശേഷമായിരുന്നുവെന്നാണ് വിവരം. ഉത്തരവ് ഇറങ്ങിയത് മന്ത്രിസഭ അറിയാതെയായിരുന്നു. യോഗ്യത തിരുത്തിയ ഉത്തരവ് ഇറക്കുന്നത് അറിഞ്ഞത് മുഖ്യമന്ത്രിയുടെയും ജലീലിന്റെയും ഓഫീസ് മാത്രമായിരുന്നു. മന്ത്രിസഭ അറിയേണ്ടതില്ലെന്ന ജലീലിന്റെ കുറിപ്പിന് പിന്നാലെ മുഖ്യമന്ത്രി ഫയലിൽ ഒപ്പിട്ടത് ഉദ്യോഗസ്ഥരുടെ വിയോജനകുറിപ്പ് മറികടന്നാണ്.
ജലീലിന്റെ ബന്ധു അദീബിനെ ന്യൂനപക്ഷ വികസന കോർപ്പറേഷൻ ജനറൽ മാനേജരായി നിയമിക്കാൻ മുഖ്യമന്ത്രിയടക്കം കൂട്ടുനിന്നു എന്ന തെളിവുകളാണ് പുറത്ത് വന്നത്. അദീബിന്റെ യോഗ്യതക്ക് അനുസരിച്ച് തസ്തികയുടെ യോഗ്യതമാറ്റിക്കൊണ്ട് ഉത്തരവിറക്കിയിരുന്നു. ഇത് മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നു. മന്ത്രിസഭയുടെ അനുമതിയില്ലാതെയായിരുന്നു തീരുമാനമെന്നാണ് ഫയലുകൾ വ്യക്തമാക്കുന്നത്. 2016 ജൂലൈ 28ന് യോഗ്യതയിൽ തിരുത്തൽ ആവശ്യപ്പെട്ട് ജലീൽ ന്യൂനപക്ഷേമ സെക്രട്ടറിക്ക് കത്ത് നൽകുന്നത്. എന്നാൽ ഈ തിരുത്തലിന് നിയമസഭയുടെയും ധനകാര്യവകുപ്പിന്റെയും അനുമതി വേണ്ടിതല്ലേ എന്ന ചോദ്യവുമായി ഫയൽ തിരികെ അയച്ചു. കോർപ്പറേഷൻ തസ്തികയിലേക്കുള്ള യോഗ്യത നിശ്ചയിച്ചത് മന്ത്രിസഭയുടെയും ധനകാര്യവകുപ്പിന്റെയും അനുമതിയോടെ ആയിരുന്നു. അതിനാൽ യോഗ്യതയിൽ മാറ്റം വരുത്തുമ്പോൾ അതിന് മന്ത്രിസഭയുടെയും ധനകാര്യവകുപ്പിന്റെയും അനുമതി വേണം. ഇത് ജലീൽ അവഗണിച്ചു. മന്ത്രിസഭയുടെ അനുമതി വേണ്ടെന്ന കുറിപ്പോടെ ഫയൽ മുഖമന്ത്രിക്ക് അയച്ചു. 2016 ആഗസ്റ്റ് ഒമ്പതിന് ഫയലിൽ മുഖ്യമന്ത്രിയും ഒപ്പിട്ടു. ഇതോടെയാണ് യോഗ്യത തിരുത്തി ഉത്തരവിറങ്ങിയത്. ജലീലിന്റെ നിയമവിരുദ്ധമായ നീക്കത്തിനെ പിന്തുണക്കുകയാണ് മുഖ്യമന്ത്രി ചെയ്തത് എന്നതിന്റെ തെളിവുകളാണ് പുറത്തെത്തിയത്.